Wednesday, October 08, 2014

പല്ലന സുബ്രമണ്യ ക്ഷേത്രവും സ്വാമിയും

പല്ലന സുബ്രമണ്യ ക്ഷേത്രവും സ്വാമിയും

എന്റെ രണ്ടാമത്തെ വെല്ല്യമ്മയുടെ രണ്ടാമത്തെ മകളായ ശ്യാമള ചേച്ചി ആണ് എനിക്കും ഉമക്കും ഇപ്പോഴത്തെ ഞങ്ങൾ അനുഭവിക്കുന്ന വിഷമതകൾക്കൊരു പരിഹാരം നിർദ്ദേശിച്ചത്. അത് ആലപ്പുഴ ജില്ലയിൽ തോട്ടപ്പള്ളി എന്ന സ്ഥലത്ത് നിന്നും ഒരു രണ്ടു കിലോ മീറ്റർ മാറി പല്ലന എന്ന സ്ഥലത്ത് (അതെ മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന പവിത്രയായ അതേ ഗ്രാമം)   ഒരു സ്വാമിയുണ്ട്. ഒന്ന് പോയി കാണൂ എന്ന്. ഞാനും  ഉമയും കൂടി ഒരു ഞായറാഴ്ച കാലത്ത് (രണ്ടു മണിക്ക് ഉണർന്നു) കുളിയെല്ലാം  കഴിഞ്ഞു മൂന്നരയോടെ തൃശ്ശൂർ റെയിൽവേ സ്റെഷനിൽ എത്തി. ഗുരുവായൂരിൽ നിന്നും  തിരുവനന്തപുരം വരെ പോകുന്ന ഇന്റർ സിറ്റി എക്സ്പ്രസ്സ്‌ 4 മണിക്ക് ഇതും. അതിൽ ഹരിപ്പാട് എന്ന സ്ഥലത്തേക്ക് ടിക്കറ്റ് എടുത്തു(65 രൂപ). പുലര്ച്ചെ ആയതു കൊണ്ട് ട്രെയിനിൽ തിരക്കെ ഇല്ല. സുഖമായി കിടന്നുറങ്ങി 7.45 നു ഹരിപ്പാട് എത്തി. റെയിൽവേ സ്റെഷനിൽ നിന്നും നാഷണൽ ഹൈവയിലേക്ക് കഷ്ടി ഒരു 500 മീറ്റർ ദൂരം കണ്ടേക്കാം. സ്റ്റാന്റിനു അടുത്തായി ആര്യാസിന്റെ ഒരു ഹോട്ടൽ ഉണ്ട്.   അവിടെ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഒരു കെ എസ് ആർ ടിസി ബസിൽ തോട്ടപ്പള്ളി എന്ന സ്ഥലത്തെ ടിക്കറ്റ് എടുത്തു(10 രൂപ ഓർഡിനറി, 14 രൂപ ഫാസ്റ്റിനു)  8 മണിക്ക് തോട്ടപ്പള്ളിയിൽ  ഇറങ്ങി. (ആലപ്പുഴ വഴി വരുന്നവർ ആലപ്പുഴ കൊല്ലം ബസിൽ കയറി തോട്ടപ്പള്ളിയിൽ ഇറങ്ങണം.)

ആഹാ എത്ര പ്രകൃതി രമണീയമായ സ്ഥലം? തോട്ടപ്പള്ളിയിൽ പമ്പാ നദിക്കു കുറുകെ ഒരു പാലം ഉണ്ട് നല്ല നീളമുള്ള ഒരു പാലം. ഏകദേശം ഒരു അര കിലോ മീറ്റർ ദൂരം കാണും. ആ പാലത്തിൽ കാൽ നടക്കാർക്കായി ഒരു പ്രത്യേക പാത ഉണ്ട്.  അതിൽ നിന്നാൽ ഒരു ഒരു കിലോ മീറ്റർ ദൂരത്തായി ഒരു പൊഴി കാണാം. അതാണ് അഴിമുഖം. പമ്പയും  അറബിക്കടലും കെട്ടി പുണരുന്ന സ്ഥലം. അവർ പരസ്പരം ആഹ്ലാദിക്കുന്നതു കാണാം. തോട്ടപ്പള്ളിയിൽ നിന്നും ഏകദേശം രണ്ടു കിലോ മീറ്റർ ദൂരമുണ്ട് ഈ അമ്പലത്തിലേക്ക്. ഓട്ടോയിൽ അമ്പത് രൂപ വാങ്ങിയേക്കും. ഇപ്പോഴും വലിയഴീക്കൽ എന്ന സ്ഥലത്തേക്ക് സ്വകാര്യ സർക്കാർ ബസുകളുണ്ട്.7 രൂപ കൊടുത്തു പല്ലന ചന്ത എന്ന് പറഞ്ഞാൽ മതി  ഇവിടെ നല്ല ആഹാര ശാലകൾ ഒന്നുമില്ല. ബസ് ഇറങ്ങി ഒരു അഞ്ചു മിനിട്ട് മണ്‍പാതയിൽ കൂടി നടന്നാൽ അമ്പലതിലെത്തും. അവിടെ ആദ്യമായി വരുന്നവർ പേര് പറയണം. പ്രശ്നം എന്ന് കൂടി പറഞ്ഞു ഒരു 50 രൂപയുടെ ചീട്ടു ആക്കണം. ആദ്യം ബുക്ക്‌ ചെയ്യുന്നവരെ ആദ്യം വിളിക്കും. പത്തു മണിയോട് കൂടി തിരക്കായി. മാസം തൊഴീലുകാരും ആദ്യമായി വരുന്നവരും രണ്ടാം പ്രാവശ്യം വരുന്നവരും (അവർ "തീർപ്പ്‌" എന്ന് പറഞ്ഞു ചീട്ടു എടുക്കണം.) ആകെ ബഹളം.

ഞങ്ങൾ പോയത് ഒരു ഞായറാഴ്ച ആണെന്ന് പറഞ്ഞുവല്ലോ. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലേ തിരക്കുണ്ടാകൂ. ഈ ദിവസങ്ങളിലേ "പ്രശ്നം" നോക്കൂ. അവിടെ അമ്പലതിനോട് ചേർന്ന് ഒരു മുറിയിൽ ഒരു സ്വാമി ഉണ്ട്. ഏകദേശം ഒരു അമ്പത് വയസ്സ് കാണും. കഴിഞ്ഞ 39 വര്ഷമായി സ്വാമി പ്രശ്നം തീർത്തു കൊടുത്തു തുടങ്ങിയിട്ട്. ഇന്നും ഒരു പബ്ലിസിടിയും ഇല്ല. ഒരു പ്രസിദ്ധീകരണമോ കാസറ്റോ സീ ടിയോ ഒന്നുമില്ല.

ഈ അമ്പലത്തിൽ മുഖ്യ പ്രതിഷ്ഠ സുബ്രഹ്മണ്യ സ്വാമിയാണെന്ന് പറഞ്ഞുവല്ലോ. അദ്ദേഹത്തിന് ഇടത്തു  വശത്തായി പിതാവ് ഭഗവാൻ ശിവനെ പ്രതിഷ്ടിച്ചിരിക്കുന്നു. മുരുകന്  വലത്തു  വശത്തായി  മാരിയമ്മൻ (ദേവി) യും ദേവിയുടെ കോവിലിനപ്പുറം ഗണേശ ഭഗവാനെയും  പ്രതിഷ്ടിച്ചിരിക്കുന്നു. ഗണേശന് പുറകിലായി നാഗ ദൈവങ്ങളും രക്ഷസ്സും സ്ഥിതി ചെയ്യുന്നു. സാധാരണ അമ്പലങ്ങളിലെത് പോലെ പൂജയും വഴിപാടുകളും നടത്തുന്നു.

ഒരു പതിനൊന്നു മണിയോടെ പ്രധാന ദേവന് (സുബ്രഹ്മണ്യ സ്വാമിക്ക്) ഒരു തിരുമേനി  ദീപാരാധന തുടങ്ങി. ഇത്രയും ഭക്തി നിർവിശേഷമായ ഒരു ദീപാരാധന ഞാൻ കണ്ടിട്ടില്ല. ദീപാരാധന കഴിഞ്ഞാൽ സ്വാമിയുടെ വരവായി. സ്വാമി ശ്രീകോവിലിൽ പ്രവേശിച്ചാൽ അദ്ധേഹത്തിന്റെ ഒരു ധ്യാനമുണ്ട്.ധ്യാനത്തിനൊടുവിൽ  പഴനി മുരുഗ സ്വാമി ഈ സ്വാമിയിൽ ആവേശിക്കും.  പിന്നെ അദ്ദേഹം (ഭഗവാൻ) കൊടുന്തമിഴിലാണ്‌ നമ്മളോട് സംസാരിക്കുക. നമ്മുടെ എല്ലാ  പ്രശ്നങ്ങളും അദ്ദേഹം നമ്മോടു പറയും, നമ്മൾ ഒന്നും അങ്ങോട്ട്‌ പറയേണ്ടതില്ല. പ്രശ്നം ഗുരുതരമാണെങ്കിൽ അടുത്ത ഞായറാഴ്ച വരാൻ പറയും. ഭക്തി പുരസ്സരം നമ്മൾ സ്വാമി തരുന്ന വിഭൂതിയും വാങ്ങി പിറകോട്ടു നടന്നു പുറത്തു കടക്കുക. ആദ്യം രെജിസ്ട്രേഷൻ നടത്തിയ മുറിയിൽ വിവരം ധരിപ്പിക്കണം.    അത് കഴിഞ്ഞാൽ അവിടെ തന്നെ ഊണ് കഴിക്കാം. അത് സൌജന്യമാണ്.

അതിനു ശേഷം പോരാം. പിന്നെ അടുത്ത ഞായറാഴ്ച പോയി തീര്പ്പിനുള്ള സാധനങ്ങൾ ഒരു കുട്ടയിൽ കിട്ടും. (പുറത്തൊരു കടയുണ്ട്)  തീർപ്പിനുള്ള സാധനങ്ങളുമായി ഉള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് നമ്മളോട് അവിടെ എന്താണ് ചെയ്യേണ്ടത് എന്ന് ഒരാൾ പറയും. ഉള്ളിൽ കടന്നാൽ  ചന്ദനത്തിരിയും കർപ്പൂരവും ഒരു കുട്ടയിൽ ഇടണം. എന്നിട്ട് ഒരു വെറ്റിലയിൽ 101 രൂപയും നാളികേരവും  സ്വാമിക്ക് പടിയിൽ വച്ച് ദക്ഷിണ ആയി കൊടുക്കണം.  സ്വാമി നാളികേരം ഉടച്ചു ലക്ഷണം പറഞ്ഞു തരും അതിനു ശേഷം ഒരു ചരട് ജപിച്ചു കയ്യില കെട്ടാൻ തരും. ആ ചരട് പുറത്തിറങ്ങിയ ശേഷം പുറത്തു നിൽക്കുന്ന ആൾ വലതു കൈയിൽ കെട്ടി തരും. അതോടെ ചടങ്ങുകൾ അവസാനിച്ചു. ഇനി 11 ദിവസങ്ങൾക്കു ശേഷം പന്ത്രണ്ടാം ദിവസം രാവിലെ കുളിക്കുന്നതിനു മുൻപ് ഈ ചരട് അഴിച്ചു ഒഴുക്കുള്ള വെള്ളത്തില ഇടണം. എന്നിട്ട് കുളി കഴിഞ്ഞു വരുന്ന ചൊവ്വയോ വെള്ളിയോ ഞായറോ ഏതാണ് ആദ്യം വരുന്നത് എന്ന് വച്ചാൽ   അന്ന് സ്വാമിയേ കണ്ടു ദക്ഷിണ സമർപ്പിക്കണം (നാളെ 09.10.2014 എനിക്ക് പന്ത്രണ്ടാം ദിവസമാണ്) ഇനി അടുത്ത ഞായർ മാത്രമേ.  എനിക്ക് പോകാനാവൂ.

നമ്മുടെ കഷ്ടകാലം തീരാറാവുംപോഴേ  നമ്മൾ ഒരു സന്യാസിയെയോ  യോഗിയെയോ കാണൂ എന്ന് ഷിർദി ബാബാ പറഞ്ഞത് ഓർക്കണം. കഷ്ടപ്പാടിൽ കിടന്നുഴലുന്ന സമയം നമ്മൾ ആരെ പറ്റിയും ഓർക്കാറില്ല.

No comments: