Sunday, November 20, 2011

കേരളത്തിന്റെ സ്ത്രീകളോടുള്ള സമീപനം

കേരളത്തിന്റെ  സ്ത്രീകളോടുള്ള  സമീപനം  മാറ്റണം 

ഒരമ്മ  മകള്‍ക്ക് വേണ്ടി  ജീവിതം  ഉഴിഞ്ഞു  വെച്ചു. ഭാര്യയെയും ഒരു മകളെയും മകനെയും നോക്കാതെ അവരെ, താന്‍ ഉണ്ടില്ലെങ്കിലും ഊട്ടണമെന്നു ഉള്ള ദൈവ വചനത്തെ പോലും മറന്നു സ്വന്തം കാര്യം നോക്കി പോയ ഒരു അച്ഛന്‍ (അയാളെ അങ്ങനെ വിളിക്കാമോ). സ്വന്തം കരവലയത്തിനുള്ളില്‍ മകളെയും മകനെയും കണ്ണിലെ കൃഷ്ണ മണികള്‍  പോലെ അവര്‍ വളര്‍ത്തി. ആരുടെയും സഹായമില്ലാതെ വളരാന്‍ കെല്‍പ്പുള്ളവരാക്കി ആ അമ്മ. രാവിലെ സ്വന്തം കുഞ്ഞുങ്ങള്‍ പഠിക്കാനും, പിന്നീട് ജോലിക്കും പോയാല്‍ ആ അമ്മ ആധിയോടെ എത്രയോ ദിനരാത്രങ്ങള്‍ പിന്നിട്ടിരിക്കണം. ആ അമ്മയുടെ കരളിലേക്ക് തീ കോരിയിടാന്‍ ഏതു ദേവന്മാരും ഒന്ന് മടിക്കും.  അത്തരം ഒരു അമ്മയുടെ കണ്ണുകളെ ഒരിക്കലും വറ്റാത്ത രണ്ടു അരുവികളാക്കുവാന്‍  ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍?  

കേരളം ഒറ്റക്കെട്ടായി ആ പിശാചിനെതിരെ മൊഴി നല്കാനെത്തിയത് നമ്മള്‍ കണ്ടു. ഒരമ്മയുടെയും തോരാത്ത കണ്ണുനീര്‍ ഇനി കാണരുതെന്ന് കോടതിക്ക് ബോധ്യപ്പെട്ട നിമിഷം. പക്ഷെ ഒരു വധ ശിക്ഷ കൊണ്ട് തീരുന്നതാണോ പ്രശ്നങ്ങള്‍. ഒരു ഗോവിന്ദചാമിയെ കൊന്നത് കൊണ്ട് തീരുന്നതാണോ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍?

സ്വന്തം പിതാവ് (ഇയാളെ നരാധമന്‍ എന്നല്ലേ വിളിക്കേണ്ടത്?) താന്‍ ജന്മം നല്‍കിയ പുത്രിയെ അന്യ പുരുഷന്മാര്‍ക്ക്   കൂട്ടി കൊടുക്കുന്ന  പണി ഏറ്റെടുത്തത് പറവൂരില്‍ നാം കണ്ടു. അയാളെ ന്യായീകരിക്കുവാനും ഇവിടെ ജനങ്ങള്‍ ഉണ്ടായി എന്നതാണ് അത്ഭുതം. തന്നെ, കൊച്ചരിപ്പല്ലുകള്‍ കാട്ടി അവ്യക്തമായ  സ്വരത്തില്‍ കൊഞ്ചി കൊഞ്ചി   അച്ഛാ അല്ലെങ്കില്‍ ഉപ്പ അല്ലെങ്കില്‍ അപ്പ എന്ന് വിളിച്ച, തന്റെ ചോരയില്‍ ആണെങ്കിലും അല്ലെങ്കിലും പിറന്ന ഓമന മകളെ അന്യരോടൊപ്പം പണത്തിനു വേണ്ടി കിടക്ക പങ്കിടാന്‍ വിടുകയും (ഒരു പത്ര വാര്‍ത്തയില്‍ കണ്ടത് മോളെ ഒരു ക്രൂര മൃഗം പിച്ചി ചീന്തുംപോള്‍ ഉറങ്ങിയ ഭാവത്തില്‍ ആ പിതാവെന്ന കശ്മലന്‍ തൊട്ടടുത്ത്‌ കിടന്നിരുന്നുവത്രേ?) ഇയാളെയും തൂക്കി കൊന്നൂടെ?

നമ്മുടെ സമൂഹം ഒരുപാടു അധ:പതിച്ചു പോയി. സംസ്കാരത്തിന്റെ മൂല്യ ച്യുതി എന്നൊക്കെ മുഴത്തിനു നൂറു പ്രാവശ്യം പറയുന്ന കേരളത്തിലെ സാംസ്കാരിക നായകന്മാരൊന്നും ഒരു സംഭവം ഉണ്ടായാല്‍ പ്രതികരിക്കും എന്നല്ലാതെ പിന്നീട് അവരുടെ ഒരു പ്രസ്താവന പോലും കേള്‍ക്കാന്‍ സാധിക്കില്ല. സമൂഹത്തിനു വേണ്ടി കുറെ എഴുതി കൂട്ടുന്നതും പ്രസംഗിക്കുന്നതും  കൊണ്ട് തീരുന്നതാണോ അവരുടെ ഉത്തരവാദിത്വം?

ഇവിടുത്തെ അച്ചടി മാധ്യമങ്ങള്‍ ആകട്ടെ സ്ത്രീകള്‍ക്ക് നേരെ ഒരു സംഭവം (ദുരന്തം) ഉണ്ടായാല്‍ പിന്നെ മഞ്ഞ പത്രങ്ങള്‍ തോല്‍ക്കുന്ന തരത്തില്‍ അതിനെ പൊടിപ്പും തൊങ്ങലും വച്ച് വായനക്കാര്‍ക്ക്‌ മുന്‍പില്‍ വിളമ്പാനുള്ള മത്സരമാണ്. മാധ്യമക്കാര്‍ സ്കൂപ്പ് എന്ന് വിളിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത‍ കിട്ടാന്‍ (ഫ്ലാഷ് ന്യൂസ്‌ ആയി ഇടാന്‍ ) ഏതറ്റം വരെ പോകാനും തയാറായി ഇറങ്ങുന്ന ചെറുപ്പക്കാരുടെ ആവേശവും മറ്റും ഇലെക്ഷന്‍ കാലത്ത് കാണുന്നതാണ്.   ടി വി യുടെ വരവോടെ ദൃശ്യ മാധ്യമം ഒരു പടി കൂടി മുന്നോട്ടു പോയി. കുട വണ്ടിയുമായി സംഭവം നടക്കുന്ന ഇടം വരെ എത്തി കാര്യങ്ങളുമായി പുലബന്ധം പോലും ഇല്ലാത്ത രീതിയില്‍ ഏതോ കുറെ ആള്‍ക്കാരെ ചുറ്റുമിരുത്തി   വിശകലനം  എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന ക്രൂര കൃത്യങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം? ഇര (പലരുടെയും ഭാഷയില്‍ ദുരന്തനിരയായ ആള്‍ എന്നര്‍ത്ഥം)യുടെ ബന്ധുക്കളോടുള്ള ഇന്റര്‍വ്യൂ ആണ് അസഹനീയം. ഇവരില്‍  പലരും നാട്ടുകാര്‍  പോലുമാവില്ല.

എന്റെ ഭാര്യ പറയുന്നു ഒറ്റയ്ക്ക് ഒരു ഓട്ടോ വിളിക്കാന്‍ ഇപ്പോള്‍ ഭയമാണെന്ന്. ഡ്രൈവറുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങള്‍ നവരസങ്ങള്‍ക്കും അപ്പുറമാണ്. ഓട്ടോ ഡ്രൈവര്‍മാരിലെ വളരെ ചെറിയ ഒരു ശതമാനം പോലുമില്ലാത്ത ഇവരുടെ പെരുമാറ്റം അസഹനീയം തന്നെ. (മറ്റു ഡ്രൈവര്‍മാര്‍ എന്റെ സഹായത്തിനു എത്തി  ചിലരുടെ പിടിച്ചുപറി തടഞ്ഞിട്ടുണ്ട്)

കേരളത്തിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് എന്ന് ഈയിടെ ഒരു പത്രത്തില്‍ വായിച്ചു. ഒരു പക്ഷെ സാക്ഷരത കൂടി പോയതിന്റെ കുറ്റമാവാം കാരണം. നമ്മുടെ അയല്‍ സംസ്ഥാങ്ങളില്‍  സ്ത്രീകള്‍ക്ക് നേരെയുള്ള  പെരുമാറ്റം എത്ര മാന്യതയോടെ ആണ്. അവര്‍ സ്ത്രീകളെ അമ്മ എന്ന് ബഹുമാനത്തോടെയോ  പറയൂ. വിളിക്കൂ.  ഇവിടെയോ? നമ്മള്‍ പരിഷ്കൃതരാണെന്ന്  എപ്പോഴും വിളിച്ചു പറയുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ചെകുത്താന്‍ കിടന്നു മുറുമുറുക്കുന്നുണ്ടാവും. സ്ത്രീകളെ ബഹുമാനിക്കാന്‍ കേരളം ഇനിയും പഠിച്ചിട്ടില്ല എന്നതിന്റെ ഉത്തമോദാഹരണങ്ങള്‍  വേണ്ടുവോളം ഇപ്പോള്‍ അറിയാന്‍ കഴിയുന്നുണ്ട്.

സ്വന്തം അമ്മയെ, സഹോദരിയെ സ്നേഹിക്കുമ്പോള്‍, ബഹുമാനിക്കുമ്പോള്‍  മാത്രമേ നാം മറ്റു സ്ത്രീകളെയും ബഹുമാനിക്കുവാന്‍ പഠിക്കുകയുള്ളൂ  എന്നാണ് ഞാന്‍ നേടിയ അറിവ്. ഇതിനു വിദ്യാഭ്യാസം വേണമെന്നില്ല. 

വീട്ടില്‍ മക്കളോടൊപ്പമിരുന്നു ടി വി കാണാന്‍ ഇപ്പോള്‍ എനിക്ക് ഭയമാണ്. അത് കൊണ്ട് ഞാന്‍ കേബിള്‍
ടി വി കണെക്ഷന്‍ വേണ്ടെന്നു വച്ചു.  അവരുടെ കണ്ണ് പൊത്താന്‍ പറ്റിയേക്കാം.  കണ്ണുകളും ചെവികളും ഒരുമിച്ചു പൊത്താന്‍ പറ്റുമോ? ഇന്നത്തെ സിനിമകള്‍ കുടുംബസമേതം ഇരുന്നു കാണാന്‍ കഴിയാറുണ്ടോ? ഇതൊക്കെ ആര് പടച്ചു വിടുന്നു? എന്താണവരുടെ  ഗൂഡ ലക്‌ഷ്യം. ഇതൊന്നും ആരും ചിന്തിക്കുന്നില്ല. സിനിമ പിടിക്കുന്നവനും സര്‍ക്കാരിനും കാശ് പെട്ടിയില്‍ വീഴണം എന്നല്ലാതെ ഇത് സമൂഹത്തിനു ഗുണകരമാണോ എന്നൊന്നും ആരും ചിന്തിക്കുന്നില്ലല്ലോ (ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന് കേട്ടിട്ടുണ്ട് കേരളത്തെ പറ്റി അത് വളരെ ശരിയാണ് താനും).

ഞാനും ഒരു പിതാവാണ്. എന്റെ മോളെ വാത്സല്യ ഭാവത്തിലല്ലാതെ നോക്കാന്‍ എനിക്കാവില്ല. കാരണം ഞാന്‍ ഒരു സസ്യ ഭുക്കാണ് എന്നതാവാം. ഞാന്‍ ചത്ത ശവങ്ങളെ (മൃഗങ്ങളെ) തിന്നാറില്ല. ഇന്നുവരെ മദ്യമോ പുകവലിയോ തുടങ്ങിയിട്ടില്ല. അതുകൊണ്ടാവാം മനസ്സിനെ എന്റെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുന്നത്‌.
ഇത് എല്ലാവര്‍ക്കും സാധ്യമായാല്‍ കേരളം എത്ര സുന്ദരം. അന്നേ കേരളം ദൈവത്തിന്റെ നാടാവൂ.

നമ്മുടെ നിയമങ്ങളെ കൊഞ്ഞനം കാട്ടി "പ്രതികള്‍" നിര്‍ഭയരായി വിലസുന്നതാവാം കുറ്റകൃത്യങ്ങള്‍   പെരുകാനുള്ള ഒരു കാരണം. അറബി നാടുകളിലെ പ്രാകൃത ശിക്ഷാ വിധികള്‍ വന്നാലെ ഇനി ജനം നന്നാവൂ എന്നുണ്ടെങ്കില്‍ അങ്ങനെ നിയമം പൊളിച്ചെഴുതണം. അല്ലെങ്കില്‍ അമേരിക്കയിലെ   പോലെ വിവിധ കുറ്റങ്ങള്‍ക്ക് വെവ്വേറെ ശിക്ഷാ വിധികള്‍ ഏര്‍പ്പെടുത്തണം. എല്ലാ ശിക്ഷകളും ഒരുമിച്ചനുഭാവിക്കുന്നതിനു പകരം വെവ്വേറെ അനുഭവിക്കണം എന്ന് കൂടി തിരുത്തല്‍ വേണം. മദ്യത്തിനും പുകവലിക്കും നിരോധനം ഏര്‍പ്പെടുത്തുകയും വരും തലമുറയെ വഴിതെറ്റിക്കുന്ന തരത്തിലുള്ള ആഭാസ ചലച്ചിത്രങ്ങളെയും ഇന്റെര്‍നെറ്റിന്റെ വര്‍ധിച്ചു വരുന്ന ദുരുപയോഗത്തെയും  നിയന്ത്രിക്കുകയും ചെയ്തില്ലെങ്കില്‍ ഇനി പെണ്ണിന് ജന്മം കൊടുക്കേണ്ട എന്നാരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ?

കേരളത്തിലെ ജനങ്ങളുടെ  സ്ത്രീകളോടുള്ള സമീപനം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു. വേണ്ടി വന്നാല്‍ അതിനു വേണ്ട നിയമ നിര്‍മാണം നടത്താന്‍ ബന്ധപെട്ട കോടതികളും സര്‍ക്കാരും തയാറാവണം അല്ലെങ്കില്‍ "ജനകന്‍" സിനിമയിലെ സുരേഷ്ഗോപിയുടെ കഥാപാത്രം ചെയ്യുമ്പോലെ ജനങ്ങള്‍ നിയമം കൈയിലെടുക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.  ഇനിയും ഒരു പെണ്ണിന്റെ കണ്ണുനീര്‍ ഭൂമിയില്‍ വീഴാന്‍ നാം ഇടയാക്കാതിരിക്കുക.

യത്ര  നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഹ: (Where women are  worshipped there the Gods reside.) എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദൈവങ്ങള്‍ കുടികൊള്ളും.   

No comments: