Thursday, July 28, 2011

ഞാന്‍ ഗന്ധര്‍വന്‍


ഞാന്‍ ഗന്ധര്‍വന്‍ 

1988ലോ  89 ലോ  ആണെന്ന്  തോന്നുന്നു . ഞാന്‍  രാമഗുണ്ടത്ത്  നിന്ന്  ലീവില്‍ തൃശ്ശൂര്  വന്നത്  വെക്കേഷന്‍   ആസ്വദിക്കാനാണ്. (തൃശൂര്‍ പഴയ നടക്കാവില്‍ ബ്രഹ്മസ്വം മഠത്തിനു   എതിരിലാണ്. അമ്മാവന്റെ വീട്. അമ്മായിയുടെ തറവാട് ആണ് പി ടി ഹൌസ് ) ലീവില്‍ വന്നാല്‍ എന്റെ ഒരു കമ്പനി ഉണ്ട്. കുറെ നല്ല സുഹൃത്തുക്കള്‍ മിക്കവാറും ബ്രാഹ്മിന്‍സ്. 

എന്റെ  സുഹൃത്തുക്കള്‍  ആരോ  പറഞ്ഞു  രാമനിലയതിനടുത്തു  ഒരു  സിനിമയുടെ  ഷൂട്ടിംഗ്  ഉണ്ട്  എന്ന് . കേട്ട  പാതി ഞാന്‍ അങ്ങോട്ടേക്ക് പോയി .ദൂരെ  നിന്നേ  ഒരു ചെറിയ  ആള്‍ക്കൂട്ടം  കണ്ടു . അന്നത്തെ  ക്രേസ്  മോഹന്‍ലാലും  മമ്മൂട്ടിയും  ഒക്കെ  ആണല്ലോ . അടുത്ത്  ചെന്നപ്പോള്‍  കണ്ടത്  ആര്‍   ബാലകൃഷ്ണപിള്ളയുടെ  മകന്‍  ഗണേശനും  പിന്നെ പുതു  മുഖം ഒരു പെണ്ണും …മടങ്ങി പോരാന്‍  ഒരുങ്ങവേ  സംവിധായകനെ കണ്ടു . എന്റെ  സ്വപ്നങ്ങളിലെ  ഇഷ്ട  സംവിധായകന്‍  പദ്മരാജന്‍ . താടിയില്‍  എന്തോ  വിരലോടിച്ചു  നില്‍ക്കുകയാണെന്ന്  തോന്നുന്നു.

ഞാന്‍  അടുത്ത്  ചെന്ന് . ആള്‍  എന്തോ  ഗഹനമായ  ചിന്തയിലാണ് . ഏതായാലും  ഉച്ച  ഊണിനു  പായ്ക്ക്  അപ്പ്‌  പറഞ്ഞു  . യുണിറ്റ്  അംഗങ്ങള്‍  ഓരോരുത്തരായി  സെറ്റ്  മാറ്റുന്ന തിരക്കില്‍  വ്യാപ്രുതരായി. ഞാന്‍  വിറയ്ക്കുന്ന  കാലുകളോടെ  അദ്ധേഹത്തിന്റെ  അടുത്തേക്ക്  ചെന്നു.

ആരോ  ശല്യപെടുത്താന്‍  ചെന്നു  എന്ന വണ്ണം ഒന്ന് ഇരുത്തി നോക്കി മുന്നിലേക്ക്‌  നോക്കി  നില്‍ക്കവേ ഞാന്‍ പറഞ്ഞു . ഒരു  കഥ  എഴുതിയിട്ടുണ്ട് . അതൊന്നു  നോക്കിയാല്‍  … എന്റെ  കയ്യില്‍  നിന്നും  കടലാസ്  വാങ്ങി  …. ഒന്നോടിച്ചു  നോക്കി .എന്നിട്ട്  എന്നെ  സൂക്ഷിച്ചു  നോക്കി … പരീക്ഷക്ക്‌  കോപ്പി  അടിച്ചിട്ട്  തൊണ്ടി  സഹിതം  പിടിക്കപെടുന്ന  കുട്ടിയുടെ  അവസ്ഥയിലാണ്  ഞാന്‍. അദ്ദേഹം  ഒന്നും  പറഞ്ഞില്ല . കയിലിരുന്ന  കടലാസിലും  എന്റെ  മുഖത്തേക്കും  മാറി  മാറി  നോക്കി  എന്നിട്ട്  പറഞ്ഞു . ഇപ്പോള്‍  ഇവിടെ  ഷൂട്ട്‌  ചെയ്യുന്ന  പടത്തിന്റെ  പേരറിയാമോ? ഇല്ലെന്ന  അര്‍ത്ഥത്തില്‍  ഞാന്‍  നിന്നു.സംസാരിക്കാനുള്ള  എന്റെ  സാഹസം തൊണ്ടയില്‍  നിന്നും  പുറത്തേക്കു  വരുന്നില്ല. ആരോ  കഴുത്തിന്‌  പിടിച്ചിരിക്കുന്ന  പോലെ .

ഞാനെഴുതിയ   തലക്കെട്ടും  സിനിമയുടെ  തലക്കെട്ടും  ഒന്ന് …ഞാന്‍  ഗന്ധര്‍വന്‍  ….ഞാന്‍ ഞെട്ടി……

അദ്ദേഹം  ആദ്യത്തെ  വരി  വായിച്ചിരിക്കണം ….അത്  ഏതാണ്ടിങ്ങനെ  ആയിരുന്നു ….

“ധനുമാസത്തിലെ  ഒരു  പൌര്‍ണമി   രാത്രി . മഞ്ഞും  നിലാവും  ഇണ ചേര്‍ന്ന്  നില്‍ക്കുന്ന  ആ  പാട  ശേഖരങ്ങള്‍ക്ക്‌  നടുവിലൂടെ  ഭാമയും  രാധികയും  ഗോപികയും  ആയില്യം  കാവിലേക്കു  പോകുകയായിരുന്നു . അന്നത്തെ  രാവിന്‍റെ  ചന്തം  ഒന്ന്  വേറെ  ആയിരുന്നു . അങ്ങകലെ  എവിടെ  നിന്നോ  ഒഴുകി  എത്തുന്ന    തിരുവാതിരപ്പാട്ടിന്റെ  ശീലുകള്‍  അവ്യക്തമായി  കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. …..”

അദ്ദേഹം  ഒന്നും  പറയാതെ  കടലാസുകള്‍  എന്നെ  ഏല്പിച്ചു . സംസാരിക്കാന്‍  പിശുക്ക്  എന്തിനാ ? എന്ന്  ഞാന്‍  ആലോചിച്ചു . അതെന്റെ  തെറ്റിധാരണ  ആണെന്ന്  പിന്നെ  ഞാന്‍  അറിഞ്ഞു …

നിരാശനായി   ഞാന്‍  തിരികെ  നടക്കവേ  അദ്ദേഹം  വിളിച്ചു … “തനിക്കു  നിരാശ  വേണ്ട . നന്നായിട്ടുണ്ട് കഥ … മുഴുവന്‍  വായിക്കാന്‍  സമയമില്ല .  അടുത്ത്  തന്നെ  ലോഹി  വരുന്നുണ്ട് . അയാളെ  ഒന്ന്  കാണ്   . “  പക്ഷെ  എനിക്ക്  ലീവ്  കഴിഞ്ഞു  പോരും  വരെ  ലോഹിതദാസ്  എന്ന  മനുഷ്യനെ  കാണാനും  പറ്റിയില്ല . പിന്നീടൊരിക്കലും .

ഈ  കഥ  രാമഗുണ്ടത്തെത്തിയ   പാടെ  ഞാന്‍  മറന്നു . ജോലിയുടെ  തിരക്കുകള്‍  ഒഴിയുമ്പോള്‍  മുരളുന്ന  കോണ്‍ക്രീറ്റ്  യന്ത്രങ്ങളുടെ  ഇടയില്‍  നിന്നും  ഒരു  മോചനത്തിനായി  എഴുതുന്ന  ചിലതില്‍  ഉള്‍പ്പെട്ട  ഒരു  കഥ . അത്രയുമേ  ഞാന്‍  കരുതിയുള്ളു .. ആ  കഥയാണ്  ലോകത്തെ  ഒരു  പ്രശസ്ത  സംവിധായകന്‍  നല്ല  കഥയാണെന്ന്  പറഞ്ഞത് .

ഇന്ന്  എന്റെ  കയ്യില്‍  അന്ന് എഴുതിയ ഭൂരിഭാഗം കടലാസ്സുകളും ഇല്ല . ഇന്ന്  അത്  എഴുതാന്‍  വീണ്ടും  തുനിയുമ്പോള്‍  എന്താ  വരികയെന്ന്  എന്റെ  ഹൃദയത്തിനു  മാത്രമേ  അറിയൂ .

പക്ഷെ  ഒരു  സ്വകാര്യ  ദുഃഖം  മാത്രം … ഇന്ന്  ഇത്  ഒന്ന്  കൂടി  കാണിക്കാന്‍  പപ്പേട്ടനും  ലോഹി ഏട്ടനും    ഇല്ലല്ലോ  എന്ന് … ഒരിക്കലും  നേരില്‍  കാണാതിരുന്ന  ലോഹി ഏട്ടനും  ഞാന്‍  മനസ്സില്‍  ആരാധിച്ച  എന്റെ  ഗന്ധര്‍വനും  ഇത്  സമര്‍പ്പിക്കുന്നു .




No comments: