Tuesday, July 05, 2011

എന്റെ ചെറുകഥകള്‍ 6 - ഒറ്റ ചിലമ്പ്

എന്റെ ചെറുകഥകള്‍ 6

ഒറ്റ ചിലമ്പ്


ഒരു പ്രൊജക്റ്റ്‌ ആവശ്യത്തിനു വേണ്ടിയാണ് ഞാന്‍ ബംഗ്ലൂര്‍ നിന്നും സേലത്ത് എത്തിയത്.
തനിയെ കാര്‍ ഓടിച്ചു വരുന്നത് റിസ്ക്‌ ആണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിട്ടും വക വെച്ചില്ല.മൂന്നു മണിക്ക് ബംഗ്ലൂര്‍ നിന്ന് പുറപെട്ടപ്പോഴേ   തുടങ്ങിയ ചാറ്റല്‍ മഴയാണ്. 
മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ ഒരു കരുതല്‍ വേണമെന്ന് മാത്രം. നല്ല രസമാണ്... മഴ തുള്ളികള്‍ വിണ്ട് സ്ക്രീനില്‍ പതിച്ചു താഴേക്ക്‌ ഒരു ചാലായി ഒഴുകി വൈപ്പറിന്റെ വേഗതയില്‍ മാഞ്ഞു പോകുമ്പോള്‍  വീണ്ടും വന്നു പതിക്കുന്ന മഴ തുള്ളികള്‍.
ഏഴരയോടെ കാര്‍ സേലത്ത് എത്തി... ഒരു ചൂട് ചായ കുടിച്ച് യാത്ര തുടര്‍ന്നു. 
ഇവിടെ ആദ്യമായി വരുകയാണ്. ഒരു  മുത്തുസ്വാമി സേലം റെയില്‍വേ ജങ്ക്ഷനില്‍ വന്നു കാത്തു നില്‍ക്കാം  എന്ന് പറഞ്ഞിരുന്നു.
ആളെ അറിയുകയുമില്ല. എന്റെ മൊബൈല്‍ നമ്പര്‍ കൊടുത്തിരുന്നതാണ്‌. 
ഒരു ഓട്ടോറിക്ഷ അടുത്ത് വന്നു നിന്നു...
"സാര്‍ മുത്തുസ്വാമി ചൊന്നാര്...ഒരു ചന്ദ്രന്‍ സാറുക്ക് സ്റ്റീല്‍ പ്ലാന്റിലെക്കുള്ള വഴി ചൊല്ലി കൊടുക്കണം... ബംഗ്ലൂര്‍ നിന്ന് വരും ചൊല്ലിയിരുക്ക് അത് നീങ്ക താനാ."
"മുത്തുസാമി എങ്കെ?" 
"കുളന്തയെ കൂട്ടി ഹോസ്പിടല്‍ പോയിട്ടാര്.... ജ്വരം"
അവനെ കാറില്‍ കയറ്റി...ആള് മലയാളി തന്നെ. അഞ്ചു വയസ്സില്‍ അച്ഛനോടൊപ്പം ഇവിടെ വന്നതാണ്‌. അച്ഛന്‍ ടയര്‍ റിപയരുമായി  നടക്കുന്നു...ഇപ്പോള്‍ സ്വന്തമായി ഓട്ടോ ഓടിക്കുന്നു. വണ്ടിയുടെ പേര് തമിഴില്‍ ആയതിനാല്‍ വായിക്കാന്‍ ബുദ്ധിമുട്ടി. പടയപ്പാ...ഒരു രജനി കാന്തിന്റെ ഫാന്‍ ആണ്. കാറില്‍ കയറിയപ്പോള്‍ മുതല്‍ രജനി ചരിതം ഇഷ്ടന്‍ വര്‍ണ്ണിച്ചു തുടങ്ങി...
ഏതായാലും ഇരുംബാലയം ആയതു ഞാന്‍ അറിഞ്ഞില്ല.
അവന്റെ പേര്‍സ്‌ തുറന്നു കാണിച്ചു... ജീസസിന്റെ ഫോട്ടോയോടൊപ്പം രജനിയുടെ ഫോട്ടോയും.
സൈറ്റ് ഓഫീസില്‍ എത്തിയപ്പോള്‍ മുത്തുസാമി  മുന്നില്‍...
"കുളന്ത ജ്വരം എപ്പടി?" 
"പറവായില്ലൈ"
"വാങ്കോ സര്‍,  നമ്മ വീട്ടു പോയി ടിഫ്ഫിന്‍ ശാപ്പിട്ട അപ്പുറം ഇങ്കെ വരാം."
"ടിഫ്ഫിന്‍ കഴിച്ചല്ലോ മുത്തു സാമി "
അയാള്‍ എന്തോ പിറുപിറുത്തു കൊണ്ട് അപ്പുറത്തെ മുറിയിലേക്ക് പോയി.
എന്നോടൊപ്പം മദ്രാസില്‍ ജോലി ചെയ്തിരുന്ന സാംബി റെഡ് ഡി പറഞ്ഞത് വളരെ ശരി.. വളരെ പാവം പിടിച്ച ഒരു പ്രകൃതമാണ്. ആരോടും വയ്യ അല്ലെങ്കില്‍ ഇല്ല എന്ന് പറയില്ല. . 
മുത്തുസാമി അയാളുടെ കൂടെ കുറച്ചു കാലം മദ്രാസില്‍ ജോലി ചെയ്തിരുന്നയാളാണ് .
അയാള്‍ മുമ്പില്‍ വന്നു മുരടനക്കി.
"എന്നാ സാമി.."
"സാര്‍ ചൊല്ലയാച്ചു വീട് ...."
ഓ ശരിയാണ്. ഒരു വീട് റെഡി ആക്കാന്‍ പറഞ്ഞിരുന്നു. ഇവിടെ അടുത്തെവിടെയെങ്കിലും ആകുമ്പോള്‍ ഉച്ചക്ക് ടൌണ്‍ വരെ പോകേണ്ടുന്ന ആവശ്യവുമില്ല.അമ്മക്ക് കൂടെ വന്നു നില്‍ക്കണം എന്ന് പറയുകയും ചെയ്തു.  സമയം ലാഭിക്കുകയും ചെയ്യും.
"ഓ കെ പോയേക്കാം... " ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഒരുങ്ങിയപ്പോഴേക്കും മുത്തുസാമി ചിരിച്ചു കൊണ്ട് ഓടി വന്നു.
"ഇന്ത വണ്ടി പോകാത്. ഇത് തന്‍ അന്ത ഇടതില് ചെല്ലും" അയാളുടെ ഒരു ടി വി എസ് മോപഡ്   കാണിച്ചിട്ട് പറഞ്ഞു.
അയാള്‍ തന്നെ എന്റെ ബാഗ്‌ എടുത്തു വച്ചു. അയാള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു കയറി ഇരുന്നു എന്നെയും ക്ഷണിച്ചു. അപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
മുത്തുസാമി തല തിരിച്ചു ഞാന്‍ ചിരിക്കുന്നതിന്റെ കാരണം തിരക്കി.
ഞാന്‍ ചോദിച്ചു," നമ്മള്‍ രണ്ടാള്‍ ഇതില്‍ പോകാനോ"
"എന്ന പ്രശ്ന ഇല്ല സര്‍ എരുങ്ക സര്‍.."
ഞാന്‍ കയറിയില്ലെങ്കില്‍ അത് അയാള്‍ക്ക് മോശമാവും. അയാള്‍ അവിടുത്തെ ഡി എം കെയുടെ ഒരു ചോട്ടാ ലീഡറുമാണ്.
 എന്നെയും കയറ്റി ആ കൊച്ചു വാഹനം വൃത്തി കുറഞ്ഞ ഓല കുടിലുകള്‍ക്കിടയില്‍ കൂടി,  മലിന ജലം ഒഴുകുന്ന ചാലുകളുടെ വശങ്ങളില്‍ രണ്ടിന് പോകുന്ന കൊച്ചു പിള്ളേരെയും അത് തിന്നു വെടിപ്പാക്കുന്ന പന്നികളെയും മറികടന്നു പതുക്കെ മുക്കിയും മൂളിയും നിരങ്ങി നീങ്ങി കൊണ്ടിരുന്നു. ഇതിലും ഭേദം ഇറങ്ങി നടക്കുകയായിരുന്നു ഭേദം  എന്ന് തോന്നി.
പക്ഷെ മുത്തുസാമിയുടെ ആദരവു നിറഞ്ഞ ക്ഷണം നിരസിക്കാന്‍ പ്രാപ്തനല്ലാത്തതിനാല്‍ ആ വണ്ടിയില്‍ അള്ളി പിടിച്ചിരിക്കേണ്ടി വന്നു.
അടുത്ത് നടക്കാന്‍ പോകുന്ന  തിരഞ്ഞെടുപ്പിനെ കുറിച്ചും അതില്‍ മുത്തുവേല്‍  കരുണാനിധി എന്ന നേതാവിന്റെ നേതൃ പാടവത്തെ കുറിച്ചും ഇവിടത്തെ സ്ഥാനാര്‍ഥിയെ  കുറിച്ചും വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.
ഞാന്‍ എല്ലാം മൂളി കേട്ടതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല.
അര മണിക്കൂര്‍ വണ്ടി ഓടിയിരിക്കണം. വണ്ടി ഒരു ഓടിട്ട വീടിനു മുമ്പില്‍ നിന്നു.
വണ്ടിയുടെ ശബ്ധം  കേട്ടാവണം ഏകദേശം 40 വയസ്സ് തോന്നിക്കുന്ന സാരിയുടുത്ത ഒരു സ്ത്രീ രൂപം ഉള്ളില്‍ നിന്നും പുറത്തേക്കു വന്നു.
 മുത്തുസാമി പറഞ്ഞു." ഇത് എന്നുടെ സംസാരം പേര് സരള" അവള്‍ നാണത്തോടെ തലയും കുനിച്ചു നില്പായി. അയാള്‍ സരളയോടായി പറഞ്ഞു. " ഇന്ത സാര്‍ ഇന്ത ഊരുക്കു പുതുശ്.. കേരള ക്കാരന്‍... എഞ്ചിനീയര്‍ വിനയ  ചന്ദ്രന്‍ സാര്‍"
എന്നെ പരിചയപ്പെടുത്തിയപ്പോള്‍ ആ മുഖത്ത് വിടര്‍ന്നു വന്ന മന്ദഹാസം എത്ര പെട്ടെന്നാണ് വിളറി വെളുത്തത്? കേരളക്കാരന്‍ എന്നു കേട്ടപ്പോള്‍ അവളുടെ മുഖം വാടുന്നത് ശ്രദ്ധിച്ചു. എനിക്ക് തോന്നിയതാവാം എന്നു  കരുതി
"സരളാ, ഇന്ത ബാഗ്‌ ഉള്ള വച്ചിടുങ്കോ?"
അവള്‍ കുനിഞ്ഞു ബാഗ്‌ എടുത്തു വച്ചപ്പോള്‍  ആ രണ്ടു കണ്ണുകളില്‍ നിന്നു ചാടുന്ന അരുവികളെ അവര്‍ തുടച്ചു മാറ്റി. ഞാന്‍ അമ്പരന്നു നില്‍ക്കവേ മുത്തുസാമി ഒന്നും സംഭവിക്കാത്ത മട്ടില്‍ ചുറ്റും നോക്കി നില്‍ക്കുകയായിരുന്നു.
"ഉള്ളായ് വാങ്കോ കുളിക്കലാം അതുക്കപ്പുറം വീട് പാക്കലാം"
ഉള്ളിലേക്ക് കയറവേ എന്റെ തല ഉത്തരത്തില്‍ തട്ടി. ഒരു ചിലങ്ക താഴെ വീണു........
ഞാന്‍ അത്ഭുതത്തോടെ കുനിഞ്ഞു എടുത്തു.... ഏറിയാല്‍ ആറോ ഏഴോ വയസ്സുള്ള ഒരു കുട്ടിക്കേ അത് പാകമാകൂ. അതിലെ ചില മണികള്‍ വീണു പോയിരിക്കുന്നു.
മുത്തുസാമിയെ നോക്കിയപ്പോള്‍ അയാളുടെ മുഖവും ഇപ്പോള്‍ കരയും എന്ന മട്ടില്‍...
കുളിച്ചു ശാപ്പാടും കഴിഞ്ഞു വന്നപ്പോള്‍ ഒന്‍പതര. ജനലില്‍ കൂടി പുറത്തെക്ക് നോക്കി.. അവിടവിടെ ചാണക വരളി കത്തിച്ച അടുപ്പുകളിലെ പുക മഞ്ഞു പോലെ ഉയരുന്നു...

കടന്നു വന്ന വഴികളിലെ വൃത്തികേടുകള്‍ ഒന്നും ഈ വീടിന്റെ പരിസരത്തില്ല. അടുത്തുള്ള അമ്പലത്തില്‍ നിന്നാവും കുറെ ആളുകള്‍ വരുന്നു..
ഞാന്‍ ബാഗില്‍ നിന്നും ഒരു drawing  എടുത്തു നോക്കി. ഇതാണ് നോക്കാന്‍ പറഞ്ഞിരുന്നത്. അകത്തു നിന്നും മുത്തുസാമിയുടെ കൂര്‍ക്കം വലി കേള്‍ക്കുന്നുണ്ടായിരുന്നു.
ഈ സമയത്ത് അപരിചിതനായ ഒരു വ്യക്തി വീട്ടിലിരുക്കെ, ഭാര്യ മാത്രം ഉള്ളപ്പോള്‍ ഇങ്ങനെ ചങ്കൂറ്റത്തോടെ കിടന്നു ഉറങ്ങണമെങ്കില്‍ ഭയങ്കര ധൈര്യം തന്നെ. കൂര്‍ക്കം വലിയോടൊപ്പം കുട വയര്‍ ഉയര്‍ന്നു താഴുന്നതും ടേബിള്‍ ഫാനിന്റെ കാറ്റില്‍ തെന്നി മാറുന്ന കര്‍ട്ടനുകള്‍ക്കിടയിലൂടെ കാണാം.
പെട്ടെന്ന്.... എന്റെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് ഒരു ചിലങ്കയുടെ ശബ്ദം കേട്ടു.
എനിക്കുറപ്പുണ്ട്... അതൊരു ഒറ്റ ചിലങ്ക തന്നെ ... കാരണം മറ്റേ ചിലങ്ക എന്റെ ടേബിളില്‍  ഇരുപ്പുണ്ട്‌... ഇനി മറ്റൊന്നായിക്കൂടെ? ഇല്ല രണ്ടു ചിലങ്ക വച്ചു ഡാന്‍സ് ചെയ്യുന്നതും ഒറ്റ ചിലങ്ക വെച്ച് ചെയ്യുന്നതും പെട്ടെന്ന് തിരിച്ചറിയാന്‍ തനിക്കു കഴിയും... കാരണം താന് ഈ ധ്വനി കേട്ടാണ് ജനിച്ചതും വളര്‍ന്നതും.
ഇപ്പോള്‍ മറ്റൊന്ന് കൂടി കേള്‍ക്കാം. ആരോ നിലത്തു വടി കൊണ്ട് തലം മുട്ടുന്ന ശബ്ദം...ആരോ ആരെയോ ഡാന്‍സ് പഠിപ്പിക്കുകയാണ്...
ആര്...ആരെ ? പിന്നെ ഓര്‍ത്തു   തനിക്കിതിലൊന്നും  ഒരു കാര്യവുമില്ല. പ്രോജക്റ്റ് വര്‍ക്ക്‌ തീര്‍ത്താല്‍ നാളെ ഇവിടുന്നു കെട്ടു കെട്ടാം... അത്ര തന്നെ...
എന്നാലും ഒരു ആകാംഷ... പഠിക്കുന്ന ആളെക്കാണാന്‍....
ഇപ്പോള്‍ പാടുന്ന സ്വരം... അത് സരളയുടെ ശബ്ദമാണോ? അറിയില്ല. ... അതിനവര്‍ തന്നോടായി ഒന്നും മിണ്ടിയില്ലല്ലോ.
ഈ ശബ്ദങ്ങള്‍ ഒന്നും എന്റെ ജോലിക്ക് ഭംഗമായില്ല എങ്കിലും ....
ഒരു സ്കെട്ച് മടക്കി മറ്റൊന്ന് എടുക്കവേ സരള ആവി പറക്കുന്ന കാപ്പിയുമായി മുന്നില്‍ .... ഹാ അതിന്റെ മണം... നല്ല ടിക്കോഷന്‍ കോഫീയുടെ നറുമണം. അത് ആസ്വദിച്ച് കുടിക്കവേ ഞാന്‍ ചോദിച്ചു... "ഇങ്കെ യാര് ഡാന്‍സ് പടിക്കിരത്?"
സരളയുടെ പ്രസന്നമായ മുഖം പെട്ടെന്നിരുണ്ടോ ? കര്‍ക്കിടക മാസ ആകാശം പോലെ. അവളുടെ മുഖത്ത് നിന്നു ശ്രീത്വം ഇറങ്ങി പോയത് പോലെ.
എന്റെ തമിഴ് പരിജ്ഞാനം വളരെ കുറച്ചേയുള്ളൂ. സാധാരണ എന്റെ പറച്ചില്‍ കേട്ടാല്‍ ആള്‍ക്കാര്‍ ചിരിക്കാറാണ്  പതിവ്. പക്ഷെ ഇന്ന് ഇവിടെ... ഞാന്‍
ഒന്നും മിണ്ടാതെ നില്‍ക്കുന്ന സരളയെ കരുണയോടെ ഞാന്‍ നോക്കി...കാലിയായ ഗ്ലാസ്സുമായി അവള്‍ അകത്തേക്ക് പോകുമ്പോള്‍ കണ്ണുനീര്‍ തുടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
മുത്തുസാമി വന്നു വിളിച്ചപ്പോള്‍ സ്കെച്ചില്‍  നിന്നും തലയുയാര്‍ത്തി. സ്കെച്ചില്‍ ഒന്ന് രണ്ടിടത് തെറ്റുകള്‍ വന്നിട്ടുണ്ട്. ആര്‍ക്കാണ് തെറ്റ് പറ്റിയതെന്നറിയില്ല. ഡ്രാഫ്റ്റ്‌സ്മാന്‍ രവിക്കാണോ? എങ്കില്‍ കണ്സല്‍ടന്‍സി എജെന്സി എന്തെ കണ്ടില്ല. അവര്‍ അപ്പ്രൂവ്  ചെയ്തിട്ടുമുണ്ട്?   ഇത് ഇന്ന് തന്നെ തിരിച്ചയച്ചേ പറ്റൂ. സീനിയര്‍ എഞ്ചിനീയര്‍ രവിചന്ദ്രന്‍ ഇന്ന് വരും എന്നു പറഞ്ഞതാണ്‌. അദ്ധേഹത്തെ മൊബൈലില്‍ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം അര മണിക്കൂറിനകം എത്താം എന്നു പറഞ്ഞു. കണ്സല്‍ടന്‍സി മേധാവി അപ്പ്രൂവ് ചെയ്ത സ്കെചായതിനാല്‍  പണികള്‍ തുടങ്ങാന്‍ വേണ്ട അഡ്വാന്സിനായി  അപേക്ഷിക്കുക വരെ ചെയ്തതാണ്.
മുത്തുസാമിയെ വിളിച്ചു. ഏജന്‍സിയുടെ സൈറ്റ് ഓഫീസില്‍ കൊണ്ട് പോയി സ്കെച്ച് കൊടുക്കാന്‍ ഒരു പയ്യനെ ഏര്‍പ്പാടാക്കാന്‍ പറഞ്ഞു.

മുത്തുസാമി ഒരു പയ്യനെ വിളിച്ചു കൊണ്ട് വന്നു. അവന്റെ കൈയ്യില്‍ സ്കെച്ച് കൊടുത്തു വിട്ടു. പിന്നെ തിരിഞ്ഞു അയാളോട് ചോദിച്ചു..."ഇങ്കെ ആരാ ഡാന്‍സ് പടിക്കിരത്? " അയാള് സരള  ആണെന്ന് പറയും എന്നു വിചാരിച്ചു ഞാന്‍ ചിരി തുടങ്ങിയെങ്കിലും അയാളുടെ കാര്‍മെഘാവൃതമായ മുഖം കണ്ടു ഇനി ഞാന്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കില്ല എന്നു തീരുമാനിച്ചു കഴിഞ്ഞിരുന്നു.
"അത്.... അത്...... എന്റെ മോള്‍ കാവേരി...."
"കാവേരിയോ?  എവിടെ ഞാന്‍ കണ്ടില്ലല്ലോ?"
"കാവേരി." അയാള്‍ വിളിച്ചു...
അല്‍പ സമയത്തിനകം ഒരു പതിനേഴു പതിനെട്ടു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി കടന്നു വന്നു.
എന്താ  സൌന്ദര്യം... ആ സൌന്ദര്യം കണ്ടു ഞാന്‍ തരിച്ചിരുന്നു പോയി....ഇത്രയും സുന്ദരിയായ മോളോ.മുത്തുസാമിക്ക്?
സരളയുടെ സൌന്ദര്യമാവാം കിട്ടിയിരിക്കുന്നത്.
അവള്‍ കര്‍ട്ടനു  മറഞ്ഞാണ്‌  നില്‍ക്കുന്നത്. മുഖം മാത്രം കാണാം. "എവിടെ കാവേരിയെ ഒന്ന് കാണട്ടെ."
പക്ഷെ അവള്‍ നടന്നു വന്നപ്പോള്‍ ഞെട്ടിയത് ഞാനാണ്‌... അവള്‍ ക്രെച്ചസ് ഉപയോഗിച്ചിരിക്കുന്നു...
ഞാന്‍ അമ്പരന്നു അവളുടെ മുഖത്തേക്കും മുത്തുസാമിയുടെ മുഖത്തേക്കും മാറി  മാറി നോക്കി...
ജീവിതത്തിന്റെ അര്‍ഥം അറിഞ്ഞു തുടങ്ങും മുമ്പേ വിധി വരുത്തിയ ദുരന്തമാണോ? അയാള്‍ അവളുടെ പാവാട മെല്ലെ ഉയര്‍ത്തി...    വലതു കാലില്ല..... മുട്ടിനു താഴെ വച്ചേ മുറിച്ചിരിക്കുന്നു...
എന്താണിങ്ങനെ? "എന്ത് പറ്റി? " ഞാന്‍ അയാളുടെ തോളില്‍ കൈ വെച്ചു ചോദിച്ചു...
"ഇനി അതൊക്കെ എന്തിനു പറയുന്നു? " ശുദ്ധമായ മലയാളത്തില്‍ അയാള്‍ പറഞ്ഞു.
ഞാന്‍ വീണ്ടും ഞെട്ടി...
ഇയാള്‍ എന്നെ കബളിപ്പിക്കുകയാണോ? "മുത്തുസാമി നിങ്ങള്‍ക്ക് മലയാളം അറിയാമോ?" ഞാന്‍ അത്ഭുതപ്പെട്ടു.
അയാള്‍ കഥ പറയുകയായിരുന്നു.
പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അയാള്‍ കണ്ണൂരില്‍ ജോലിക്കായി പോയതാണ്. കണ്ണൂരില്‍ ധാരാളം
പ്ലൈവുഡ് കമ്പനികള്‍ ഉണ്ടെന്നു കേട്ടാണ് അയാള്‍ അവിടെ ചെന്നത്..
അവിടെ ചെന്നപ്പോള്‍ പല കമ്പനികളുടെയും ഗേറ്റ്കള്‍ക്ക്   മുമ്പില്‍ സമരം ചെയ്യുന്ന നിരവധി ആള്‍ക്കാര്‍.
ആദ്യമായി കാണുന്ന സംഭവം ആകയാല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പല കമ്പനികളും വെച്ചു നീട്ടുന്ന
തുച്ഛമായ കൂലികളും ചൂഷണങ്ങളും.... അസമത്വങ്ങളും...
വളരെ വേഗം അയാള്‍ അവിടെ തൊഴിലാളി നേതാവായി. മാനേജുമെന്റുകളുടെ  കണ്ണിലെ കരടായി.. ഒരു  പൊതു പ്രശ്നം വന്നപ്പോള്‍ അവര്‍ മത്സരം മറന്നു... അവര്‍ ഒറ്റകെട്ടായി..
ഇതിനിടെ ആണ്  ഒരു പ്ലൈ വുഡ് .എന്ന കമ്പനി ഉടമ ഒത്തുതീര്‍പ്പിനായി വിളിച്ചത്. അതൊരു ചതിയായിരുന്നു.
ശാരീരികമായി അക്രമിച്ചില്ലെങ്കിലും അവര്‍ തന്ന അമ്പതിനായിരം രൂപ അവിടുന്ന് മോഷ്ടിച്ചതാണെന്ന് വരുത്തി അറസ്റ്റ് ചെയ്യിച്ചു. പക്ഷെ പോലീസുകാര്‍ക്ക് ഈ ചതി മനസ്സിലായി. എന്നെ വെറുതെ വിട്ടു.
ഇനി ഏതായാലും കേരളത്തില്‍ രക്ഷയില്ലെന്നു തോന്നി അന്ന് തന്നെ ട്രെയിനില്‍ പോരാന്‍ വേണ്ടി സരളെയും മോളെയും കൂട്ടി തിടുക്കത്തില്‍ റെയില്‍വേ സ്റെഷനിലേക്ക് വരുമ്പോള്‍ ആണ് ഒരു കോളേജിനു മുന്‍പില്‍ വെച്ച് അത് സംഭവിച്ചത്...
ആരാണെന്നറിയില്ല ആരോ പോലീസിനു നേരെ എറിഞ്ഞ ബോംബ്‌ വന്നു കൊണ്ടത്‌ ഞങ്ങള്‍ വന്ന ഓട്ടോ റിക്ഷയില്‍.... അത് പൊട്ടിയത് മാത്രം ഓര്‍മയുണ്ട്...

ഓര്‍മ വരുമ്പോള്‍ ഞങ്ങള്‍ ആശുപത്രി കിടക്കയിലാണ്... മോളുടെ ഒരു കാല്‍ മുറിച്ചു. ആ ഷോക്കില്‍ സരളയുടെ ശബ്ദവും പോയി..

മുത്തുസാമിയുടെ കഥ കേട്ട് ഞാന്‍ ഞെട്ടി തരിച്ചിരുന്നു പോയി... ഇയാള്‍ പറയുന്ന കഥ ...കണ്ണൂര്‍.... കോളേജ്.....പോലീസിനു നേരെ പടക്കമാണെന്ന് പറഞ്ഞു എന്റെ കൈയില്‍ നേതാക്കള്‍ തന്നത് ബോംബായിരുന്നോ? അന്നത്തെ ആവേശത്തില്‍ നേതാക്കള്‍ പറയുന്നത് വേദ വാക്യം ആയി കണ്ടു. പിന്നെ ചെയ്തത് ഒക്കെ തെറ്റാണെന്നും മറ്റും മനസ്സിലായി.

അന്ന് വൈകീട്ട് കോളേജ് വിട്ട ഉടനെ ഒരു കൂട്ടുകാരന്‍  ഫോണ്‍ ചെയ്തു പറഞ്ഞത് "വിനയ എത്രയും പെട്ടെന്ന് 
വീട്ടീന്ന് മാറണം" എന്നാണ്. അമ്മയും ആകെ പരിഭ്രമിച്ചു.
ടൌണ്‍ സി  ഐ  അച്ഛനെ അറിയുന്ന ആളായതിനാല്‍ എന്നെ അറിയിക്കാതെ കേസ് ഒതുക്കി തീര്‍ത്തു. പക്ഷെ ..
ഞാന്‍ കേസ് ഇപ്പോഴും നിലവിലുണ്ടെന്ന് കരുതി നാട് വിട്ടു.
ബംഗ്ലൂരില്‍ വന്നു ഒരു എന്ജിനീയറിംഗ്  കോളേജില്‍ ചേര്‍ന്ന് പഠനം മുഴുമിപ്പിച്ചു... എന്നിട്ടേ വീട്ടില്‍ പോലും പറഞ്ഞുള്ളൂ...
പിന്നെ പതുക്കെ ഞാനും അത് മറന്നു...
ഇപ്പോള്‍ മനസില്‍ കുറ്റബോധം തോന്നുന്നു.
പ്രായത്തിന്റെ അപക്വമായ ചിന്തയില്‍ വരും വരായ്കകളെ കുറിച്ച് തെല്ലും ബോധമില്ലാതെ എന്തിനും എടുത്തു ചാടുന്നവര്‍ക്കൊരു മുന്നറിയിപ്പാണ്  എന്റെ ജീവിതം. രാവിലെ കോളേജില്‍ പോയാല്‍ വൈകീട്ട് മടങ്ങി വരുന്നത് വരെ അച്ഛനമ്മമാരുടെ ആധിയും വ്യാധിയും മക്കള്‍ക്ക്‌ മനസ്സിലാകാതിടത്തോളം കാലം  അവരുടെ ഭയം അസ്ഥാനത്താവില്ല .
മക്കള്‍ മാതാപിതാക്കളെ അനുസരിക്കുന്ന ശീലമുണ്ടെന്കിലെ    കുഴപ്പങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ അവര്‍ക്ക് സാധിക്കൂ.  ഈ പ്രായം കഴിഞ്ഞു തങ്ങളും കുടുംബ ജീവിതം തുടങ്ങുമ്പോഴായിരിക്കും  അവരും തങ്ങളുടെ അച്ഛനും അമ്മയും അനുഭവിച്ച ടെന്‍ഷന്‍ അറിയൂ..

"സാര്‍ " മുത്തുസാമിയുടെ വിളി കേട്ട് ഞാന്‍ ആലോചനകളുടെ ലോകത്ത് നിന്നും മടങ്ങിയെത്തി.
"സാര്‍ എന്താ ആലോചിക്കുന്നത്?"
"ഓ ഒന്നുമില്ല....ഞാനൊരു കാര്യം ചോദിക്കട്ടെ ? കാവേരിയുടെ പഠിത്തം ....കല്യാണം?" ഈ സുന്ദരിയെ ഇനി മറ്റാര്‍ക്കും ഒരു ഭാരമാവാന്‍ വിട്ടു കൊടുക്കില്ലെന്ന് ഞാന്‍ തീര്ച്ചപെടുതിക്കൊണ്ടാണ് ചോദിച്ചത്...
"ഒരു കാലില്ലാത്തവളെ  ആര്‍ക്കു വേണം.. ഞാന്‍ എത്ര വേണമെങ്കിലും പൈസ കൊടുക്കാന്‍ തയ്യാറാണ്...പക്ഷെ അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ ആരും ......കുറെ ആലോചനകള്‍ വന്നതാണ്‌. ഡിഗ്രീ കഴിഞ്ഞിട്ടും ജോലിയുണ്ടായിട്ടും ആര്‍ക്കും വേണ്ട..." അയാള്‍ വിതുമ്പി തുടങ്ങിയിരുന്നു...
ഞാന്‍ അയാളുടെ കൈ പിടിച്ചുകൊണ്ടു ചോദിച്ചു... "അവളെ ...കാവേരിയെ എനിക്ക് തന്നു കൂടെ....ഞാന്‍ പോന്നു പോലെ നോക്കിക്കൊള്ളാം...."
അവിശ്വസനീയതയോടെ അയാള്‍ മിഴിച്ചു നില്‍ക്കുകയാണ്... കോഫിയുമായി വന്ന സരളയും .....
അച്ഛന്‍ മരിച്ച ശേഷം,  എനിക്ക് വേണ്ടി ജീവിക്കുന്ന അമ്മ... മകന്‍ ആരെയെങ്കിലും കല്യാണം കഴിച്ചു കൊണ്ട് വന്നാലും വേണ്ടില്ല ഒരു കൂട്ടായല്ലോ എന്ന് ആശ്വസിക്കുന്ന അമ്മക്ക് കൊടുക്കാന്‍ ഇതിലും വലിയൊരു സമ്മാനം എന്റെ കയിലില്ല...

*********************************************************************************










 എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തന്നെയും ഇനി തിരുത്താന്‍ പറ്റുമോ എന്നറിയില്ല,.




  

No comments: