Thursday, December 01, 2011

നാം വധ ശിക്ഷക്ക് (ദയാവധത്തിന്) വിധിക്കപ്പെട്ടവരോ?

നാം വധ ശിക്ഷക്ക്  വിധിക്കപ്പെട്ടവരോ? 


"പണ്ട് പണ്ട് കേരളം എന്ന സംസ്ഥാനത്ത് നാലു ജില്ലകള്‍ ഉണ്ടായിരുന്നു. അവയുടെ പേര് ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നായിരുന്നു. ഈ ജില്ലകളുടെ സ്ഥാനത് ഇന്നീ കാണുന്ന വെളുത്ത  മരുഭുമി പോലെ തോന്നിക്കുന്നതിന്റെ കാരണം പണ്ടൊരു അണക്കെട്ട് പൊട്ടിയതിന്റെ ഫലമാണ്."

മേല്‍പ്പറഞ്ഞത്‌ ഒരു പത്തോ അമ്പതോ വര്ഷം കഴിഞ്ഞു,  വരും തലമുറകള്‍ പഠിച്ചെക്കാവുന്ന ഒരു പാഠ ഭാഗമാണ്.

ഇന്ന് കേരളത്തിലെ നാല് ജില്ലകളിലെ 35 ലക്ഷം ജനങ്ങളെ പ്രത്യക്ഷമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ പെരിയാര്‍ നദിയില്‍ 1896 ല്‍ കമ്മീഷന്‍ ചെയ്ത മുല്ലപ്പെരിയാര്‍ അണക്കെട്ട്.

അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മദ്രാസ്‌ സംസ്ഥാനത്തിന് കീഴില്‍ മധുര, തേനി എന്നിവിടങ്ങളിലെ രൂക്ഷമായ ജലക്ഷാമവും വരള്‍ച്ചയും കൊണ്ട് പൊറുതി മുട്ടിയ ബ്രിട്ടീഷ് ഗവര്‍ന്മെന്റ് 1885 ല്‍ അനുവാദം കൊടുത്തതിനെ തുടര്‍ന്ന്,  ക്യാപ്ടന്‍ ജോണ്‍ ബെനി ക്വിക്, ആര്‍ സ്മിത്ത് എന്നിവര്‍ ചേര്‍ന്ന് ഇന്നത്തെ അണകെട്ടിന്റെ പണി ആരംഭിച്ചു.  ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള രീതിയായിരുന്നു അന്ന് അണക്കെട്ടിന്റെ നിര്‍മാണത്തിന് അവലംബിച്ചിരുന്നത് . താരതമ്യേന ചെലവ് കുറഞ്ഞതും ഉറപ്പു കൂടിയതുമായ ഒരു രീതിയായിരുന്നു അതെങ്കിലും അമ്പത് വര്‍ഷത്തെ ആയുസ്സേ അതിനു ക്യാപ്ടന്‍ നല്‍കിയുള്ളൂ. 

മുല്ലപെരിയാര്‍ അണക്കെട്ടിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം 


പക്ഷെ എണ്ണായിരം  ഏക്കറോളം ഏരിയ ഉള്ള അണക്കെട്ടിന്റെ തൊണ്ണൂറ്റി എട്ടു ശതമാനം സ്ഥലവും കേരളത്തിലായിരിക്കെ, തിരുവിതാംകൂര്‍ രാജ്യം ഭരിച്ചിരുന്ന വിശാഖം തിരുന്നാള്‍ രാമവര്‍മ തമ്പുരാനെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ബ്രിട്ടീഷ് സാമ്രാജ്യം കാര്യം കണ്ടു. 999  വര്‍ഷത്തെ     
കരാറില്‍ ഒപ്പ് വച്ച ശേഷം സങ്കടത്തോടെ തമ്പുരാന്‍ പറഞ്ഞത് എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാന്‍ ഒപ്പ് വച്ചതെന്ന്. (ഇന്നും ഇത്രയും ദീര്‍ഘകാല കരാര്‍ തമ്പുരാന്‍ ഒപ്പിട്ടു എന്ന് ആരും വിശ്വസിക്കുന്നില്ല) 


അതെന്തുമാവട്ടെ ഭൂത കാലങ്ങളില്‍ ചതിയും വഞ്ചനയും മാത്രം കൈമുതലായുള്ള ബ്രിട്ടീഷുകാരുടെ ചതി അന്നത്തെ നമ്മുടെ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞില്ല. അണക്കെട്ടിലെ  വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനു  ഉപയോഗിക്കുമെന്നായിരുന്നു  വ്യവസ്ഥ. പക്ഷെ ഇന്ന് തമിഴ് നാട്ടിലെ ഏതാണ്ട്  അഞ്ചു ജില്ലകളിലായി 
ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുവാനും ദാഹം ശമിപ്പിക്കുവനും ഉപോഗിക്കുന്നതിനു പുറമേ ആയിരത്തി ഇരുന്നൂറു കോടി രൂപക്കുള്ള വൈദ്യുതി ഉത്‌പാദനവും തമിഴ് നാട് ഒരു ഉളുപ്പും ലജ്ജയുമില്ലാതെ നടത്തുന്നു. അതിനു അവര്‍ കേരള ഗവര്‍ന്മേന്റിനു നല്‍കുന്ന തുക ഏതാണ്ട് മുപ്പത്തഞ്ചു ലക്ഷം രൂപയാണ്.    


കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നില്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്. 


ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


തമിഴ്‌നാട്‌ തങ്ങള്‍ക്കു കിട്ടുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്നും ജലനിരപ്പ്‌ 136  അടിയില്‍ നിന്നും ഘട്ടം ഘട്ടമായി  152  അടി വരെയാക്കണമെന്നും    പറഞ്ഞു നിരന്തരം കേരളത്തോട് തര്‍ക്കിചിട്ടുള്ളതാണ്. അവര്‍ ഇതിനായി ഒരു പ്രത്യേക വകുപ്പ് തുടങ്ങുകയും കേസിനാവശ്യമായ എല്ലാ രേഖകളും ഏകോപിപ്പിച്ച്  പല വട്ടം കോടതിയെ സമീപിച്ചപ്പോഴും എല്ലാ പ്രാവശ്യവും വിജയം അവര്‍ക്കായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ കേരളത്തിന്റെ കൈവശമുള്ള രേഖകള്‍ എല്ലാം  പല വകുപ്പുകളിലയിരുന്നത് കാരണം കേരളത്തിന്റെ ഏകോപനമില്ലായ്മ തമിഴ് നാട് മുതലെടുത്തത്. ഇപ്പോഴും കേന്ദ്ര മന്ത്രിമാരായാലും സുപ്രീം കോടതിയായാലും ഒരു തരം ചിറ്റമ്മ നയം ആണ് കേരളത്തോട് അനുവര്‍ത്തിച്ചു വരുന്നത്. 


കേരളം ജലം നല്‍കാന്‍ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവര്‍  ജനങ്ങളുടെ ജീവന്റെ നേരെയുള്ള  ഭീഷണിമാത്രമാണ് എതിര്‍പ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതല്‍ 60 വര്‍ഷം വരെയാണെന്നും നൂറ്റി പതിനാറു വയസ്സു കഴിഞ്ഞതും പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു  അവിടെ പുതിയതൊന്നു പണിയണം എന്നുമാണ് ദീര്‍ഘകാലമായുള്ള  കേരളത്തിന്റെ ആവശ്യം.


ഇപ്പോള്‍ ഈ പ്രദേശത്ത് നടക്കുന്ന ചെറുതും വലുതുമായ ഭൂ ചലനങ്ങള്‍ ഇവിടുത്തെ നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ടും കേരളത്തിലെയും തമിഴ് നാട്ടിലെയും ഭരണ കര്‍ത്താക്കള്‍ ഉറക്കം നടിക്കുകയായിരുന്നു.  പുതിയ അണക്കെട്ടിനു വേണ്ടി ഇപ്പോള്‍ ഘോര ഘോരം പ്രസംഗിക്കുന്ന സഖാവ് അച്യുതാനന്ദന്‍ കഴിഞ്ഞ അഞ്ചു കൊല്ലം കേരളം ഭരിച്ചിട്ടു ഒന്നും ചെയ്യാതെ ഇപ്പോള്‍ ജനങ്ങളുടെ പൈസ കൊണ്ട് അണക്കെട്ട് പണിയും എന്ന് പറയുന്നത് വില കുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രമാണ്. മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയാവട്ടെ കേരളത്തിലെ  സ്ഫോടനാല്‍മകമായ ഇപ്പോഴത്തെ സ്ഥിതി വിശേഷത്തിലും ചലച്ചിത്ര അവാര്‍ഡ്‌ വിതരണവും മറ്റുമായി നടക്കുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്. ഇതെഴുതുമ്പോഴും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എന്തെങ്കിലും ക്രിയാല്‍മകമായി ചെയ്യുന്നതിനു പകരം വെറും അധര വ്യായാമം നടത്തി സമയം പാഴാക്കുകയാണ്.           


മുല്ലപ്പെരിയാര്‍ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹന്‍സീവ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പ്ലാന്‍ ഫോര്‍ മുല്ലപ്പെരിയാര്‍ ഡാം ഹസാര്‍ഡ്) ഭാഗമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡാമിന്റെ  തകര്‍ച്ചയെത്തുടര്‍ന്ന് 45 മിനിറ്റിനകം 36 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാമിലേക്ക് മേല്‍ വിവരിച്ച രീതിയില്‍ ജലം ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചെറുതോണി ഡാമിന്റെ  ഷട്ടറുകള്‍ പൂര്‍ണമായി തുറന്നാല്‍ പെരിയാറിലൂടെ 40 അടി ഉയരത്തില്‍ വെള്ളം കുതിച്ചു പായും എന്നാണ് മറ്റൊരു നിഗമനം. കാലവർഷക്കാലത്താണെങ്കില്‍ സ്ഥിതി ഇതിലും ഗുരുതരമാകാം.    
ഇതിന്റെ ഒക്കെ അര്‍ഥം റിക്ടര്‍ സ്കേലില്‍ അഞ്ചിന് മേലുള്ള ഏതൊരു കമ്പനവും ഈ പ്രദേശത്തെ സംബന്ധിച്ച് ആപല്‍ക്കരമാണ് എന്നാണ്. നമ്മള്‍ ഇരിക്കുന്നത് ഒരു ജല ബോംബിന്റെ മുകളില്‍ ആണെന്നതാണ് വസ്തുത. ഇക്കാര്യമൊക്കെ അറിയാമായിരുന്നിട്ടും പൊട്ടന്‍ കളിക്കുന്ന തമിഴ്  നാട്‌ സര്‍ക്കാരിന്റെ ചെവിക്കു പിടിക്കാനോ ശാസിക്കാനോ കേന്ദ്രമോ പരമോന്നത നീതി പീഠമോ   തയാറാകാത്തതാണ്  ഖേദകരം.  
ഈയിടെ ഡാം 999  എന്ന ചിത്രം നിരോധിക്കുക വഴി കേരളത്തിന്റെ ഭയം അസ്ഥാനത്തല്ല  എന്ന് അവര്‍ തെളിയിച്ചു. ഈ ഫിലിം കാണാന്‍ തൃശൂര്‍ രാഗം തീയേറ്ററില്‍ ഞാന്‍ കണ്ട തമിഴര്‍ (സേലത്ത് നിന്നും വന്നതാണ്‌) കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഭയം അതെ പോലെ അവരും അനുഭവിക്കുന്നുണ്ടെന്നും പക്ഷെ അതാരും നേതാക്കളെ ഭയന്ന് പുറത്തു പറയില്ലെന്നും പറഞ്ഞു. 
ഈ ഫിലിം നിരോധിച്ചത് വഴി തമിഴ് നാട്‌ സര്‍ക്കാരിനു എന്ത് നേട്ടമാണ് ഉണ്ടായതു എന്നവര്‍ ചോദിച്ചു. നികുതി ഇനത്തില്‍ കുറെ രൂപ നഷ്ടപ്പെട്ടതല്ലാതെ അവര്‍ മറ്റെന്തു നേടി? ഇന്റര്‍നെറ്റും മറ്റും സുലഭമായ ഇക്കാലത്ത് ജനങ്ങള്‍ സത്യമറിയാന്‍ ഈ പടം വ്യാജമായെങ്കിലും  ഡൌണ്‍ലോഡ് ചെയ്തു കാണുമെന്നിരിക്കെ ഇരുട്ട് കൊണ്ട് ഓട്ട  അടയ്ക്കാമെന്നു വിചാരിച്ചവരുടെ ബുദ്ധി സാമര്‍ത്ഥ്യം ഭയങ്കരം.
കാശ്മീരിനെ ചൊല്ലി ഇന്ത്യയും പാകിസ്ഥാനും കലഹിക്കുന്നത് പോലെ നിസ്സാരമാക്കാനുള്ളതല്ല ഈ അണക്കെട്ടും കൊച്ചു കേരളത്തിലെ നാല് ജില്ലകളിലെ മുപ്പത്തഞ്ചു ലക്ഷം ജനങ്ങളും അവരുടെ വസ്തു വകകളും.എന്നെങ്കിലും അണ പൊട്ടട്ടെ അപ്പോള്‍ ഒരു ഖേദ പ്രകടനം നടത്തിയാല്‍ മതിയല്ലോ എന്നാവണം കേന്ദ്രവും കോടതിയും തമിഴ് നാടും ചിന്തിക്കുന്നതെങ്കില്‍  അവര്‍ക്ക് തെറ്റി. പരമോന്നത നീതി പീഠത്തോടുള്ള   എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ് ഒരു പക്ഷെ ആര്‍ക്കും ഉണക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു വര്‍ഗീയ ലഹള പൊട്ടി പുറപ്പെടാം. അതൊഴിവാക്കാന്‍ കണ്ണ് കെട്ടാത്ത സത്യസന്ധരായ ജഡ്ജിമാര്‍ക്ക് കഴിയണേ,  അവര്‍ക്ക് അതിനുള്ള സല്‍ബുദ്ധി ഈശ്വരന്‍ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. 
അതിനവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ നെടുമ്പാശ്ശേരി വിമാനത്താവളവും കൊച്ചിന്‍ ഷിപ്‌ യാര്‍ഡും, റിഫൈനറിയും, ഒബറോണ്‍ മാള്ളും, ഹൈക്കോടതിയും ഒക്കെ വിസ്മ്രുതിയിലാക്കതക്ക വിധത്തില്‍ ശക്തിയില്‍ വരുന്ന ചെളിയും വെള്ളവും കൂടി അറബിക്കടലില്‍ എത്തിക്കും.      













    

No comments: