Tuesday, October 07, 2014

എന്റെ അമ്മ

എന്റെ  അമ്മ

എന്റെ അമ്മയെ കുറിചെന്തെഴുതാൻ?  ഒരു സാധാരണ സ്ത്രീ എന്നല്ലാതെ എന്തറിയാം?   എങ്കിൽ നിങ്ങൾക്ക് തെറ്റി. എന്റെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ, മുഴുവനൊന്നും എനിക്കറിയില്ല എങ്കിലും അമ്മ എന്നും എനിക്ക് ഒരു പ്രചോദനമായിരുന്നു. ഞാൻ അമ്മയെ കണ്ടു തുടങ്ങിയിട്ട് അൻപത്തി മൂന്നു വർഷം ആകുന്നു. 

എന്റെ അമ്മ ശാന്ത (എന്ന ശാന്തമ്മ  എന്ന ശാന്താ പി കൃഷ്ണ) കോട്ടയം വെന്നിമല പുത്തൻ പിഷാരത്ത് ആണ് ജനിച്ചത്‌. എന്റെ അച്ഛൻ എറണാകുളം, തൃപ്പൂണിത്തുറ, അയ്യങ്കുഴി പൂതൃക്കോവിൽ പിഷാരത്ത് കൃഷ്ണൻ (പേരിന്റെ കൂടെ പിഷാരോടി എന്ന വാൽ വയ്ക്കാൻ ഇഷ്ടം ഉണ്ടായിരുന്നില്ല) കല്യാണം കഴിച്ചു പോകുന്നത് വരെ അമ്മ താമസിച്ചിരുന്നത് ഇവിടെ ആയിരുന്നു. അച്ഛന് ഒറിസ്സയിൽ ലാഞ്ജിബെർന എന്ന സ്ഥലത്തുള്ള ഒറീസ്സ സിമന്റ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ആയിരുന്നുന് ജോലി. അവിടെയാണ് എന്റെ ജനനം. 1962 ആഗസ്റ്റ്‌ 3, വെള്ളിയാഴ്ച.

അച്ഛന് ചെറുപ്പത്തിലെ പ്രമേഹമുണ്ടായിരുന്നത് കൊണ്ട്  അമ്മയുടെ ശ്രദ്ധ മുഴുവൻ അക്കാര്യത്തിലായിരുന്നു. എനിക്ക് രണ്ടര വയസ്സായപ്പോൾ എനിക്ക് ഒരനുജത്തി  കൂടി പിറന്നു. ശൈലജ. എനിക്ക് അഞ്ചു വയസ്സായപ്പോൾ (അച്ഛന്റെ ജോലി  സ്ഥലത്തോ അടുത്തോ ഒരു ഒടിയ മീഡിയം സ്കൂൾ അല്ലാതെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നും ഉണ്ടായിരുന്നില്ല) എന്നെ നാട്ടിൽ  വല്ലിയമ്മമാരുടെ  കൂടെ താമസിച്ചു പഠിക്കാൻ നാട്ടിലേക്ക് വിട്ടു. ശേഷം എന്റെ വിദ്യാഭ്യാസ കാലം മുഴുവൻ കോട്ടയത്ത്‌ പുതുപ്പള്ളിയിലുള്ള അമ്മയുടെ തറവാട്ടിൽ ആയിരുന്നു.

ഞാൻ പ്രീ ഡിഗ്രീക്ക് ഫസ്റ്റ് ഈയറിനു പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. 1978 ജൂണ്‍ 19, അച്ഛന്റെ മരണം എനിക്ക് ഒരു ഷോക്കായിരുന്നു. ഒരു പതിനാറു വയസ്സുകാരന്റെ ചുമലിലേക്ക് അമ്മയെയും പന്ത്രണ്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയെയും ഇട്ടിട്ടു അച്ഛൻ സുഖമായി പോയി. അല്ലെങ്കിലും പോയവര്ക്ക് ഒന്നിനെയും കുറിച്ചറിയണ്ടല്ലോ. ജീവനോടിരിക്കുന്നവർക്കാണ്‌ എല്ലാ കഷ്ടപ്പാടും. എന്റെ പഠിത്തത്തിന്റെ കടിഞ്ഞാൻ നഷ്ടപ്പെട്ടത് അന്ന് മുതലാണ്.  ഒരു ജോലി സമ്പാദിക്കുക  എന്നതായി അടുത്ത ചിന്ത. പ്രീ ഡിഗ്രി കമ്പ്ലീറ്റ് ചെയ്യാതെ എന്ത് ജോലി കിട്ടാൻ? എന്നെ ഉപദേശിക്കാൻ,  ഒരു വഴി  തിരഞ്ഞെടുക്കാൻ  സത്യത്തിൽ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. മൂത്ത വല്ല്യമ്മയുടെ മകൾ അമ്മുക്കുട്ടി ചേച്ചി ബോംബെയിൽ കൊണ്ട് പോയി ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർത്തു.  മാസം 300 രൂപ ശമ്പളത്തിൽ. അതായിരുന്നു തുടക്കം. 

അച്ഛന്റെ മരണം ഒരു പരിധി വരെ ഞങ്ങൾ അറിയാഞ്ഞത് അമ്മയുടെ തണലിൽ നിന്നപ്പോഴാണ്.

ജോലി ആയി ബോംബയിൽ നിന്നും  രാമഗുണ്ടം, സേലം, തൽചർ, ബ്രിയാവലി,(രാജസ്ഥാൻ- ഇൻഡോ - പാക്‌ അതിർത്തി) കൽക്കട്ട, ഫരാക്ക (ഇൻഡോ-ബംഗ്ലാദേശ് അതിർത്തി) , ദുർഗപുർ, വീണ്ടും ബോംബെ പിന്നെ ബഹറിൻ...ദുബായ്‌.......  അങ്ങനെ ലോകം മുഴുവൻ കറങ്ങി വരുമ്പോഴും എനിക്ക് ആപത്തൊന്നും പറ്റരുതേ എന്ന അമ്മയുടെ പ്രാർത്ഥന ആണ് എന്നെ ഒരു പക്ഷെ കാത്തു രക്ഷിച്ചിരുന്നത്‌. നിയന്ത്രിക്കാൻ ആരുമില്ലാതിരുന്നിട്ടും ഇന്നും പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ ലോകത്തിലെ ദുശ്ശീലങ്ങളുടെ ചതിക്കുഴികളിൽ പെടാതെ ഇവിടം വരെ എത്തിയത് ഒരു അത്ഭുതം തന്നെ. അത് അമ്മയുടെ ദൈവ വിശ്വാസവും ഞങ്ങളോടുള്ള സ്നേഹവും കൊണ്ടാണെന്ന് ഇപ്പോൾ എനിക്കറിയാം.  ഇന്നും എന്റെ നല്ല ശീലങ്ങൾക്ക്  (മദ്യപിക്കില്ല, പുക വലിക്കില്ല, മുറുക്കില്ല) കാരണം അമ്മയുടെ ഭക്തി തന്നെ.
അച്ഛന്റെ മരണത്ത്ടെ നിന്ന് പോയ എന്റെ വിദ്യാഭ്യാസം പൂർത്തികരിക്കാൻ കഴിഞ്ഞതാണ് അമ്മയുടെ  ഒരു സ്വപ്നം എനിക്ക് സാധിപ്പിച്ചത്. ഇപ്പോൾ പ്രൈവറ്റായി എം ബി എ ക്ക് പഠിക്കുമ്പോഴും അമ്മയുടെ കരുതലും സ്നേഹവും ആണ് എന്റെ ശക്തിയും പ്രേരണയും,

നാല്പത്തി മൂന്നാം വയസ്സിൽ വിധവ ആയ ഒരു സ്ത്രീ ആണ് അമ്മ. ആ അമ്മയുടെ എണ്‍പതാം പിറന്നാൾ ഈ വരുന്ന വൃശ്ചിക മാസത്തിൽ...... ആകെ ആലോചിക്കുമ്പോൾ ഞാൻ അമ്മയ്ക്കെന്താ തിരിച്ചു ചെയ്തിരിക്കുന്നത്? ഒന്നുമില്ല. പത്തു മാസം എന്നെ ചുമന്ന ആ ഗർഭപാത്രത്തിനോട് എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.  ഒരു മകന് അല്ലെങ്കിൽ മകൾക്ക് അമ്മയോടുള്ള കടപ്പാട് എങ്ങനെ വീട്ടും? ഈ ജന്മതിലെന്നല്ല ഇനിയും ജന്മം എടുക്കേണ്ടി വന്നാൽ അത് എന്റെ അമ്മയുടെ വയറ്റിൽ തന്നെ ആയിരിക്കണം എന്ന പ്രാർത്ഥനയോടെ നമിക്കുന്നു,   

യാ ദേവീ  സർവ  ഭൂതേഷു 
മാതൃ രൂപേണ സംസ്ഥിതാ 
നമസ്തസ്യൈ നമസ്തസ്യൈ 
നമസ്തസ്യൈ നമോ നമ:
  

No comments: