Wednesday, June 29, 2011

എന്റെ ചെറുകഥകള 5 - ഓര്‍മയില്‍ നീ മാത്രം

എന്റെ ചെറുകഥകള്‍ 5 

 ഓര്‍മയില്‍ നീ മാത്രം 

ഒരിക്കലും ആ പടി ചവിട്ടരുതെന്നു രമ  ആഗ്രഹിച്ചതാണ്‌. ... എങ്കിലും സുമ മോളുടെ നിര്‍ബന്ധത്തിനു 
വഴങ്ങി കൊടുത്തു.

രമ കടന്നു ചെല്ലുമ്പോള്‍ വിശ്വേട്ടന്‍, താന്‍ പ്രതീക്ഷിച്ച പോലെ തന്നെ ഉമ്മറത്തെ ചാരുകസേരയില്‍ കിടക്കുകയായിരുന്നു. 
ചിന്ത ഇവിടെങ്ങുമല്ലെന്നു തോന്നുന്നു.
മുറ്റത്തെ തൈ തെങ്ങുകളുടെ കൊച്ചോലകളില്‍ കാവ്യം രചിക്കുന്ന പക്ഷികളെ നോക്കി ഒരേ ഒരു ഇരുപ്പാണ്. 

രമ ഒന്ന് ചുമച്ചു.
വിശ്വം തല തിരിച്ചു നോക്കി. 
അവരുടെ കണ്ണുകള്‍  തമ്മിലിടഞ്ഞു.
ഇരുപതു വര്‍ഷത്തിനു ശേഷം...
ഒരു നിമിഷം അത് നിശ്ചലമായി... പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് കണ്ട ഷോക്ക്‌ ഏല്‍പിച്ച  പോലെ..
"നീ."...
ഒടുവില്‍ വിശ്വേട്ടന്‍ മൌനം ഭഞ്ജിച്ചു. 
എന്തോ പറയാന്‍ രമ ഒരുങ്ങിയതാണ്. പക്ഷെ വിറയാര്‍ന്ന ചുണ്ടുകളുടെ കോട്ട ഭേദിക്കാന്‍  വാക്കുകള്‍ക്കായില്ല.
"ഉം?"
"ഞാന്‍ നമ്മുടെ മോളുടെ ...സുമയുടെ വിവാഹത്തിന് ക്ഷണിക്കാന്‍" ...വിറയല്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും വാക്കുകള്‍ മുറിഞ്ഞു.
"നമ്മുടെ മകളോ?"
"വിശ്വേട്ടാ... ശവത്തില്‍ കുത്തരുതേ...കല്യാണത്തിന് വന്ന് അല്ല ഇപ്പോഴേ എന്റെ കൂടെ വരണം വിശ്വേട്ട. ഇത് ഞാന്‍ യാചിക്കുകയാണ് എന്നോടുള്ള വിരോധം മോളോട് തീര്‍ക്കരുതെ....".

വിശ്വം എന്തോ ആലോചിക്കുന്നത് പോലെ തോന്നി. 

അന്നും ഇന്നും രമ എത്ര മാത്രം മാറിയിരിക്കുന്നു.

 ഓര്‍മ്മകള്‍ പത്തിരുപത്തഞ്ചു വയസ്സ് പിന്നോട്ട്  ഓടി.

ജ്യോത്സ്യനും കണക്കു മാഷുമായ കുറുപ്പ് സാര്‍  അന്ന് വീട്ടിലേക്കു വന്നത് ഒരാലോചനയും  കൊണ്ടായിരുന്നു. മാളിയേക്കല്‍ തറവാട്ടിലെ പരമു  ഏട്ടന്‍   എന്ന് എല്ലാവരും വിളിക്കുന്ന കോണ്ട്രാക്ടര്‍  പരമേശ്വരന്‍ നായരുടെ ഏക മകള്‍ രമയുടെ.... അന്ന് അവള്‍ ബി കോമിനു പഠിക്കുകയാണ് രണ്ടാം വര്ഷം...

വിശ്വം ഇഷ്ടപ്പെടും എന്ന് മാഷ് ഉറപ്പു പറഞ്ഞത് കൊണ്ടാണ് മാഷോടൊപ്പം  പെണ്ണ് കാണാന്‍ പോയത്.

ശാലീന സുന്ദരിയായി ചായയുമായി നടന്നു വരുന്ന രമയെ ഒറ്റ നോട്ടത്തില്‍ തന്നെ തനിക്കിഷ്ടമായി. പെണ്ണ്  കണ്ടു മടങ്ങുമ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരിയായിരുന്നു മനസ്സ് നിറയെ. 

ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ജനലഴികളില്‍ മുഖമമര്‍ത്തി പുഞ്ചിരിക്കുന്നു രമ.

അവിടെ അന്ന് തന്റെ ഹൃദയം കൈമോശം വന്നു.

പെട്ടെന്നായിരുന്നു വിവാഹം.. വിവാഹവും കഴിഞ്ഞു നഗരത്തിലെ ഒരു തിരക്കില്ലാത്ത കോണില്‍ വാടക വീടുമെടുത്തു താമസം തുടങ്ങി.. രമയും  ആയുള്ള   കൂട്ട് തന്നെ ഒരു പുതിയ മനുഷ്യനാക്കി മാറ്റി. 
ഒരു തീരുമാനമെടുക്കാന്‍ അവളില്ലാതെ സാധിക്കില്ലെന്നായി. ഒരു  സാരി വാങ്ങുവാന്‍  ഒരു പാന്റ എടുക്കാന്‍ സിനിമക്ക് പോകുന്നതിനു കൂടി പരസ്പരം ആലോചിച്ചു ഒരു തീരുമാനം എടുക്കാതെ  വയ്യെന്ന നിലയിലായിരുന്നു. 

പിറ്റേന്നത്തെ കറികള്‍ക്ക് പച്ചക്കറി വേണോ ചിക്കന്‍ വേണോ ... അത് പോലും ഒരുമിച്ചൊരു തീരുമാനം എടുക്കാതെ വയ്യെന്നായി.

എന്നിട്ടും 

എവിടെയാണ് പിഴച്ചത്?
എവിടെയാണ് കണക്കു കൂട്ടലുകള്‍ തെറ്റിയത്?
ഒരു ദിവസം രാവിലെ തന്നോടൊപ്പം ഒരുങ്ങി ഇറങ്ങുന്ന രമയെ കണ്ടു അത്ഭുതത്തോടെ   ചോദിച്ചു.  "
"രാവിലെ എങ്ങോട്ടാ"
"ഓ അത് പറയാന്‍ ഞാന്‍ മറന്നു പോയതാ. അച്ഛന്‍ ഇന്നലെ വിളിച്ചു ടൌണിലെ ബാങ്കില്‍ ഒരു മാനേജരുടെ   ഒഴിവുന്ടെന്നും  വെറുതെ പോയി ഇരുന്നാല്‍ മതിയെന്നും പറഞ്ഞപ്പോള്‍.."
അത് വേണോ രമേ? ഇവിടെ നമ്മുടെ ചിലവുകള്‍ക്ക് ഞാന്‍ കഷ്ടപ്പെടുന്നില്ലേ?
"എന്നാലും അച്ഛന്‍ പറഞ്ഞ സ്ഥിതിക്ക്...."
"ഒരു എന്നാലുമില്ല . നമ്മള്‍ എല്ലാ കാര്യവും ആലോചിച്ചല്ലാതെ തീരുമാനങ്ങള്‍ എടുക്കാറില്ലല്ലോ?"
"അച്ഛന്‍ പറഞ്ഞപ്പോള്‍... "
"അച്ഛനോട് ഞാന്‍ പറഞ്ഞോളാം..."
 " അത് വേണ്ട അച്ഛനോട് ഞാന്‍ പറഞ്ഞോളാം"
അങ്ങനെ പറഞ്ഞെങ്കിലും ഒരു സ്വകാര്യ കമ്പനിയിലെ സാദാ ഉദ്യോഗസ്ഥനായ എന്നെ കൊണ്ട് ചിലവുകള്‍ നടത്തി കൊണ്ട് പോകാന്‍ വയ്യെന്ന് അമ്മായി അപ്പന്‍ കരുതിക്കാണും എന്നോര്‍ത്തു.

എതോരച്ചന്റെയും ആഗ്രഹം കെട്ടിച്ചു വിട്ട പെണ്‍ മക്കള്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നാണല്ലോ . 

ഒന്ന് രണ്ടു ദിവസം അവള്‍ അടങ്ങി ഒതുങ്ങി ഇരുന്നെങ്കിലും വീണ്ടും അവള്‍ ഒരുങ്ങുന്നത് കണ്ടു ചോദിച്ചു...
"എന്തു പറ്റി? എങ്ങോട്ടാ..."
" വിശ്വേട്ടന്‍ ക്ഷമിക്കണം .. ഞാന്‍ ബി കോം വരെ പഠിച്ചതല്ലേ? ഒരു ജോലി കിട്ടുമ്പോള്‍ വേണ്ടെന്നു പറഞ്ഞാല്‍ ?"
"ഇപ്പോള്‍ നമുക്ക് ചെലവുകള്‍  നടക്കുന്നുണ്ടല്ലോ."
"അതല്ല വിശ്വേട്ടാ ... നമ്മുടെ മോള്‍ വലുതാവുകയല്ലേ? എന്തെല്ലാം കരുതണം? എന്നെ ഇറക്കി വിട്ട പോലെ പത്തോ അന്‍പതോ പവന്‍ കൊടുത്താല്‍?.... വിശ്വേട്ടനെ പോലെ അല്ലല്ലോ എല്ലാവരും ."
"ഈ മുല കുടിക്കുന്ന കുഞ്ഞിനെ ഓര്‍ത്താണ് നിനക്ക് ടെന്‍ഷന്‍ എങ്കില്‍ അത് വേണ്ട. എനിക്കറിയാം എന്താ വേണ്ടതെന്നു.."

അങ്ങനെ രണ്ടു മാസം വീണ്ടും കടന്നു പോയി..
"വിശ്വേട്ടാ എന്നോട് ക്ഷമിക്കണം എനിക്ക് ഒരു ജോലിയില്ലാതെ കഴിയാനാവില്ല. ...എന്റ ചിലവുകള്‍ക്ക്  കൂടി 
ഏട്ടനെ ബുദ്ധിമുട്ടിക്കേണ്ടല്ലോ... ഞാന്‍ നാളെ മുതല്‍ ജോലിക്ക് പോവുകയാണ്."
" അപ്പോള്‍ മോളുടെ കാര്യം?"
"അച്ഛന്‍ ഒരു നാണി തള്ളയെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്."
" നാണി തള്ള പാലും കൊടുക്കുമോ?
അവള്‍ക്കു പാല് കൊടുക്കാന്‍ പൊടി വാങ്ങി തന്നു അച്ഛന്‍" 
അവിടം വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍... അച്ഛനും മകളും കൂടി ആലോചിച്ചുറപ്പിച്ച ശേഷം തന്നെ അറിയിച്ചാല്‍ മതിയെന്നാവും...

"കുഞ്ഞിനു ഈ പ്രായത്തില്‍ അമ്മയുടെ മുലപ്പാല്‍ ആണ് നല്ലതെന്ന് നീ മറന്നോ?"
"ഞാന്‍ മുലയൂട്ടുന്നത് നിര്‍ത്തുകയാണ്.."
"നീ വെറുതെ പിണങ്ങുകയാണ്."
"എനിക്കെന്റെ നിലയും വിലയും നോക്കണ്ടേ?
"ഷട്ട് അപ്പ്‌  " 
അങ്ങനെ അവള്‍ ജോലിക്ക് പോയി തുടങ്ങി ... വൈകീട്ട് താന്‍ വന്നാല്‍ അവള്‍ വന്നിട്ടുണ്ടാവില്ല. വരുമ്പോള്‍ ഏഴു മണി കഴിയും... പിന്നെ ആവലാതികളുടെ ഒരു ഘോഷയാത്ര തന്നെ....
കാല് കഴപ്പ്... നടു വേദന...
" ഒരു ദിവസം സഹി കേട്ട് ചോദിച്ചു... "വയ്യെങ്കില്‍ നിര്‍ത്തിക്കൂടെ അച്ഛനും മകളും തമ്മിലുള്ള ഈ നാടകം?
"നാടകമോ... എന്തിനു? എന്റെ വയ്യയ്കള്‍ക്ക് അച്ഛന്‍ എന്തു പിഴച്ചു?."

സുമ വലുതായി വരികയായിരുന്നു... അവളുടെ സ്കൂളിലെ സംശയങ്ങള്‍ക്ക് മറുപടി പറയാതെ അവള്‍ ഒഴിഞ്ഞു മാറി തുടങ്ങി. ഫാക്ടറിയിലെ ഷിഫ്ട് വെച്ചുള്ള പണി കഴിഞ്ഞു വീട്ടിലെതുംബോഴാവും അവളുടെ കൊച്ചു കൊച്ചു സംശയങ്ങള്‍ ...
പിന്നെ അവള്‍ വീട്ടിലേക്കു വരാതായി. ഒരു ദിവസം വിളിച്ചു പറഞ്ഞു.. അവള്‍ അച്ഛന്റെയും അമ്മയുടെയും അടുത്ത് താമസിക്കാന്‍ പോകുകയാണെന്ന്...
സുമയും രമയും ഇല്ലാത്ത ഈ വീട് പെട്ടെന്ന് ശൂന്യമായത് പോലെ.... 
വക്കീല്‍ നോടിസു കണ്ടാല്‍ പേടിച്ചു അവള്‍ വരുമെന്നാണ് കരുതിയത്‌. അവിടെ തനിക്കു പിഴച്ചു...
ഒരു കള്ള് കുടിയനോടൊപ്പം താമസിക്കുവാന്‍ വയ്യെന്നും എന്നും  മര്‍ദനം ആണെന്നും അവള്‍ അയച്ച പരാതിയില്‍ പറയുന്നു...
ഒരിക്കലും മദ്യം കൈ കൊണ്ട് തൊട്ടു നോക്കാത്ത തന്നെ.... 

കുടുംബ കോടതിയില്‍ അവര്‍ ആരോപിച്ച കുറ്റങ്ങള്‍ നിഷേധിക്കാന്‍ പോയില്ല. അവര്‍ക്ക് വേണ്ടത് വിവാഹ മോചനം ആണെന്ന് ഉറപ്പായിരുന്നു.

മോളെ വിസ്തരിച്ചപ്പോള്‍ അവരുടെ വാദങ്ങള്‍ പൊളിഞ്ഞു.... ഒന്നുമല്ലെങ്കിലും എട്ടു വയസ്സായ ഒരു കുട്ടിയാണല്ലോ സുമ....
സുമക്ക് എന്റെ കൂടെ പോരണം എന്ന് പറഞ്ഞു വാശി പിടിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

ലോകം കീഴടക്കിയ സന്തോഷത്തോടെ അവര്‍ കാറില്‍ മടങ്ങുമ്പോള്‍... പിന്‍ സീറ്റില്‍ ഇരുന്ന സുമ കൈ വീശുന്നത് നിറഞ്ഞ മിഴികളില്‍ കൂടി കണ്ടു.

ഭാര്യയുടെ തന്നിഷ്ടം തകര്‍ത്ത കുടുംബങ്ങളിലേക്ക്‌ ഒന്ന് കൂടി.

"വിശ്വേട്ടന്‍ കഴിഞ്ഞതെല്ലാം മറക്കണം..".. രമ യുടെ സ്വരം തന്നെ വര്‍ത്തമാന കാലത്തിലേക്ക് മടക്കി കൊണ്ട് വന്നു.
വിശ്വത്തിന്റെ മുമ്പില്‍ നില്‍ക്കുന്ന രൂപത്തെ നോക്കി അയാള്‍ അലറി.... ഇല്ല ഞാന്‍ വരില്ല... എങ്ങോട്ടുമില്ല...

"ജോലിയൊക്കെ ഞാന്‍ വിട്ടു വിശ്വേട്ട... അച്ഛനെ അനുസരിച്ച ഒരു പാവയായി പോയി ഞാന്‍ വിശ്വേട്ട... നമ്മുടെ മോളുടെ അപേക്ഷയാണ്...ഭര്‍ത്താവുണ്ടായിട്ടും  വിധവയെ പോലെ ജീവിക്കാന്‍ ഞാന്‍ ,.... വയ്യ വിശ്വേട്ടാ...ഞാനൊരു ഭാഗ്യം  കെട്ടവളായി  പോയല്ലോ ഈശ്വര."..
വിശ്വം ഒന്നും മിണ്ടിയില്ല. "അഹംകരിച്ചാല്‍  മുഖം കരിയും" താണ നിലത്തെ നീരോടൂ ... എന്തെല്ലാമാണ് താന്‍ പഠിച്ചത്...പക്ഷെ അഹം എന്ന ഭാവത്തിനു മുന്‍പില്‍ മനുഷ്യന്റെ അധപതനം....

"രമേ വഴി ഇതിലെയാണ്...ഞാന്‍ വരില്ല വരുമെന്ന് കരുതണ്ട....എന്റെ മനസ്സിലെ സുമ മോള്‍ക്ക്‌...." ബാക്കി പറയാന്‍ നില്‍ക്കാതെ വിശ്വം അകത്തേക്ക് നടന്നു.

**********************************************************************************





No comments: