എന്റെ ചെറുകഥകള്‍ 3
പരിണാമം
തിരയടങ്ങാത്ത പ്രഷുബ്ധമായ കടല്‍ പോലെ അന്ന് എന്റെ മനസ് അസ്വസ്ഥമായിരുന്നു...
എന്റെ മനസ്സിലവശേഷിച്ചിരുന്ന മനുഷ്യത്വം വീണ്ടും തല പൊന്തിച്ചു.
" മതിയാക്കൂ ഭീമാ, കുരുക്ഷേത്ര യുദ്ധം അവസാനിച്ചില്ലേ? " ആരോ മനസിന്റെ മതില്‍ കെട്ടിനുള്ളിലിരുന്നു കൊണ്ട് പെരുമ്പറ മുഴക്കുന്നു.
ദുര്യോധനന്‍ എന്ന - കുരു വംശത്തില്‍ അധര്‍മ്മത്തിന്റെ പാത വിരിച്ച യുദ്ധത്തില്‍ ഹോമിക്കപെടെണ്ട അവസാനത്തെ - ഇരയെയും തേടി മുന്‍പില്‍ നടന്ന യുധിഷ്ടിര ജ്യെഷ്ടനോടും അര്‍ജുന നകുല സഹദേവന്‍മാരോടും ഒപ്പമെത്താന്‍ ഞാന്‍ തിടുക്കം കൂട്ടി നടന്നു.
ഞാന്‍ അപ്പോഴും അവസാനം കൊന്ന ദുശ്ശാസനന്റെ ജഡത്തെ പറ്റി ഓര്‍ത്തു കൊണ്ടിരുന്നു.
രജസ്വലയായ ദ്രൌപദിയെ, അരുതെന്ന് മുതിര്‍ന്നവര്‍ വിലക്കിയിട്ടും അവന്‍ ബലാല്‍ പിടിച്ചു കൊണ്ട് വന്നു. രാജ സഭയില്‍ വെച്ച് വിവസ്ത്രയാക്കാന്‍ മുതിര്‍ന്നത് ഓര്‍ക്കുന്തോറും എന്നിലെ അഗ്നി ജ്വലിപ്പിച്ചു കൊണ്ടിരുന്നു.
ഒടുവില്‍ അവന്റെ ആഗ്രഹ പ്രകാരം യുദ്ധക്കളത്തില്‍ അവന്‍ ഗദ ഉപേക്ഷിച്ചു മുഷ്ടി യുദ്ധത്തിനു മുതിര്‍ന്നപ്പോള്‍ ഞാന്‍ ഒന്ന് ചിരിച്ചു... ഇതാണ് ശരിയായ അവസരം. എന്റെ ബാഹു ബലം കാട്ടി അവനെ ഒന്ന് അമ്പരപ്പിക്കണം എന്ന് ഞാന്‍ മുമ്പേ പ്രതിഞ്ഞ എടുത്തിരുന്നു. അവന്റെ ചുടു നിണം കൊണ്ട് വേണം ദ്രൌപദിയുടെ അഴിഞ്ഞുലഞ്ഞ കേശ ഭാരം കെട്ടി കൊടുക്കാം എന്ന പ്രതിഞ്ഞയും ഓര്‍ത്തപ്പോള്‍ തന്നെ എന്റെ കരങ്ങളിലേക്ക് ആരോ ശക്തി പ്രവഹിപ്പിക്കുകയായിരുന്നു.
എന്റെ ഓരോ മുഷ്ടി പ്രഹരതിനുമോപ്പം അവന്‍ ചെയ്തു കൂട്ടിയ അസന്ഖ്യം പാപങ്ങളെ, ക്രൂരതകളെ എണ്ണി എണ്ണി പറഞ്ഞു കൊണ്ട് പ്രഹരിച്ചപ്പോള്‍ അവന്റെ ബലം ചോരുന്നത് ഞാനറിഞ്ഞു... ഇനി ഏറെ നേരം അവനു പിടിച്ചു നില്‍ക്കാനാവില്ല.... ജരസന്ധനെ ....കീചകനെ .... കിര്മീരനെ ....ബകനെ... ഹിടുംബനെ .അങ്ങനെ ... എണ്ണിയാല്‍ ഒടുങ്ങാത്ത രക്ഷസന്മാരെയും ദുശ്ശാസനന്റെ തൊണ്ണൂറ്റി എട്ടു സഹോദരന്മാരെയും കൊന്നത് ഞാന്‍ തന്നെ എന്ന് അവനോടു പറയുമ്പോള്‍ ചോര ഒഴുകുന്ന ആ മുഖത്ത് ഏതൊക്കെ വികാരങ്ങള്‍ മിന്നി മറഞ്ഞിരിക്കണം.
ഒടുവില്‍ ആ മുഖത്ത് പടരുന്ന ദൈന്യത... ഒഴിവാക്കാനാവാത്ത വിധിയുടെ വിളയാട്ടത്തിന് അവന്‍ കീഴ്പെടുന്ന നിമിഷം ഞാന്‍ ഗദാ ധാരിയായി അവനെ അടിചൊതുക്കുമ്പോള്‍ ഓരോ അടിയും അവനെ ഇഞ്ചിഞ്ചായി അവനെ നിലത്തു വീഴിക്കുമ്പോള്‍... അവന്റെ ചുടു നിണം വാരി എടുക്കുമ്പോള്‍. പനങ്കുല പോലത്തെ മുടിയുള്ള ദ്രൌപദിയുടെ കേശ ഭാരം അലങ്കരിക്കുവാനുള്ള പുഷ്പങ്ങളെ കുറിച്ചായിരുന്നു ചിന്ത...
അകലെ രണ ഭൂമിയില്‍ ജഡ അഴിച് ആടിയ മൃത്യു ദേവിക്ക് മുമ്പില്‍ നിന്നിരുന്ന ശാന്തി ദേവി എവിടെ...
ഞാന്‍ തളരുന്നുവോ? എന്തിനു വേണ്ടി ഇത്രയും ദൂരം താണ്ടിയോ അതിനി ഒരു നാഴിക ദൂരെ നില്‍ക്കെ ഈ തളര്‍ച്ച എവിടുന്നു വരുന്നു?
ഞാന്‍ തളരുന്നുവോ? എന്തിനു വേണ്ടി ഇത്രയും ദൂരം താണ്ടിയോ അതിനി ഒരു നാഴിക ദൂരെ നില്‍ക്കെ ഈ തളര്‍ച്ച എവിടുന്നു വരുന്നു?
ജ്യേഷ്ഠന്റെ ശബ്ദം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയപ്പോള്‍ കണ്ട കാഴ്ച ... പൊന്തക്കാടുകള്‍ പിടിച്ച കുളത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കിടക്കുന്ന ദുര്യോധനന്‍.
കുരുവംശത്തിലെ യുവ രാജാവ്... അവന്റെ ആ അവസ്ഥ എന്നില്‍ ലേശം സഹതാപം ഉണര്‍ത്തി. പക്ഷെ അയാള്‍ സഹതാപം അര്‍ഹിക്കുന്നുണ്ടോ?
ജ്യേഷ്ഠന്‍ ചോദിക്കുകയാണ്..... ഒരു വെല്ലു വിളിയുടെ സ്വരത്തില്‍ ...
"ഇറങ്ങി വരൂ അധമ.... ഇതാ ആരൊക്കെയാണ് നിന്നെ കാണാന്‍ വന്നിരിക്കുന്നതെന്ന്... ആരായാലെന്താ... എതായുധമായാലെന്താ നിനക്ക് യുദ്ധമല്ലേ വേണ്ടു... ഞങ്ങള്‍ തയ്യാര്‍.."
അബലകളോടെന്ന പോലെയുള്ള ജ്യേഷ്ഠന്റെ സംസാരം ഞങ്ങളില്‍ നടുക്കം ഉളവാക്കി. അവസാന വാക്കുകള്‍ എന്നിലുടനീളം പാഞ്ഞു നടന്നു...
എന്റെ കയിലിരുന്ന ഗദ പോലും അവിശ്വസനീയമായതെന്തോ കേട്ട പോലെ താഴെ വീണു...
എല്ലാവരുടെയും മുഖത്ത് അമ്പരപ്പ്... ഞാന്‍ ഓരോരുത്തരെയും മാറി മാറി നോക്കി... അര്‍ജുനന്‍...നകുലന്‍...സഹദേവന്‍....കൃഷന്‍....ബലരാമന്‍....അവരും തരിച്ചിരിക്കുകയാണ്...
ദുര്യോധനന്റെ നെറ്റി തടങ്ങളില്‍ ചുളിവുകള്‍ വന്നത് മാറിയതും കണ്ണുകള്‍ മിന്നിതിളങ്ങുന്നതും അവന്റെ മുഖത്ത് ഒരു വക്രിച്ച ചിരി പടരുന്നതും പിന്നെ ആഹ്ലാദ സൂചകമായി മുഖം വിടരുന്നതുമെല്ലാം ഞാന്‍ ശ്രദ്ധിച്ചു...
പൊന്ത കാടുകള്‍ക്കിടയില്‍ നിന്നും അവന്റെ തല ഉയര്‍ന്നു...
കിരീടമില്ലാത്ത തല... കൈയില്‍ രത്ന ഖചിതമായ സ്വര്‍ണ പിടിയുള്ള അവന്റെ ഗദ.... ഈ നിമിഷം അവന്‍ പ്രതീക്ഷിച്ചിരുന്നു എന്ന മട്ടില്‍ അവന്‍ എഴുനേറ്റു വന്നു...
"തയ്യാര്‍ യുധിഷ്ടിര.. വെല്ലുവിളി ഞാന്‍ സ്വീകരിച്ചിരിക്കുന്നു..."
അല്പം മുമ്പ് വരെ പരിഹസോധ്യോതകമായി ചിരിച്ചിരുന്ന ജ്യേഷ്ഠന്റെ മുഖം ഇരുളുന്നതും അത് ആഷാട മാസത്തിലെ കാര്‍ മേഘങ്ങളേ പോലെ ഉരുണ്ടു കൂടുന്നതും ഞാന്‍ കണ്ടു.. അന്തരീക്ഷം മൂകമായി.. പൊട്ടിച്ചിരിയുടെ... പരിഹാസ ശരങ്ങളുടെ പടഹ ധ്വനികള്‍ മുഴങ്ങിയ ജ്യേഷ്ഠന്റെ അധരങ്ങള്‍ മുദ്രിതമായി.
ജ്യേഷ്ഠന്റെ മുഖത്ത് വിളറിയ ഒരു നേര്‍ത്ത പ്രകാശം മാത്രം... അത് ഉണങ്ങിയ ഇലകളെ പോലെയാണ്. കണ്ണുകള്‍ കാതുകളെ പ്പോലെ തിമിരം ബാധിച്ചവനെ പോലെ....
ദുര്യോധനന്‍ ഈ നിമിഷങ്ങള്‍ ആസ്വദിക്കുകയാണ്.. വയ്യ ഇനി ഈ കഷ്ടത കന്നുവാന്‍ കരുത്തില്ല...എന്തെങ്കിലും ചെയ്തെ മതിയാവൂ..
ദുര്യോധനന്‍ നകുലനെയോ സഹദേവനെയോ പോരിനു വിളിക്കുന്നതിനു മുന്‍പ് ഞാന്‍ കുനിഞ്ഞു ഗദ എടുത്തു.
ജരാസന്ധന്‍... കീചകന്‍... ബകന്‍... ഹിടുംബന്‍... പിന്നെ പേരറിയാത്ത അനേകായിരം രാക്ഷസരെ കാലപുരിക്കയച്ച എന്റെ കരങ്ങളിലേക്ക് അപ്പോള്‍ കടന്നു വന്ന ഇളം കാറ്റു ശക്തി പകര്‍ന്നു...
വായുദേവാ.... ഞാന്‍ മനസ്സില്‍ പിതാവിനെ ഓര്‍ത്തു തേങ്ങി... എനിക്ക് ശക്തി തരു ദേവാ... ഇതാണ് ഞാന്‍ വര്‍ഷങ്ങളായി കാത്തിരുന്ന നിമിഷം... ഈ നിമിഷങ്ങളില്‍ അങ്ങ് ഇവിടെ അദൃശ്യനായി നില്‍ക്കൂ ദേവാ...
കൂടി നിന്ന ജന സഞ്ചയങ്ങളുടെ ഇടയിലേക്ക് ഈറനോടെ കയറി വരുന്ന ദുര്യോധനന്‍..... അഹന്ത നിറഞ്ഞ മുഖം....
ഇല്ല ഇയാള്‍ സഹതാപം അര്‍ഹിക്കുന്നില്ല.
നകുലന്റെ മുഖത്തേക്ക് അവന്റെ ചൂണ്ടു വിരല്‍ ഉയരവേ... എന്റെ സകല ക്ഷമയും നശിച്ചു..
ഞാന്‍ ഭീകരമായി അലറി.ഞാന്‍ ഒരു ചാട്ടത്തിനു അവനരികിലേക്ക് ചെന്നപ്പോള്‍ അവന്റെ മുഖം വിവര്‍ണ- മാകുന്നതും ഞാന്‍ കണ്ടു...
ആ മുഖ ഭാവം എന്നെ പ്രസന്നനാക്കി... ശത്രു ദുര്‍ബലനവുമ്പോള്‍ ഉള്ള വിജയിയുടെ ആ ഭാവം .. അത് എന്നില്‍ വര്‍ധിത വീര്യം കുത്തി വെച്ചു.
പതിനാറു വര്ഷം മുന്‍പ്... ദുര്യോധനന്റെയും അനിയന്മാരുടേയും പ്രതാപത്തിന് മുന്‍പില്‍ തകര്‍ന്നു പോയ ഞങ്ങളെ പോലെ ചിലര്‍...
കപട ദ്യുതത്തില്‍ അടിയറവു പറയിച്ചപ്പോള്‍ ഈ മുഖഭാവം അല്ലായിരുന്നു...
വീണ്ടും അവന്റെ വാക്കുകള്‍... കഴുത കരയും പോലെ..
"യുധിഷ്ടിരന്‍ പറഞ്ഞത് സത്യമെങ്കില്‍... ധര്മമെങ്കില്‍... ഞാന്‍ നകുലനെയോ സഹദേവനെയോ യുദ്ധത്തിനു ക്ഷണിക്കുന്നു. " കിതപ്പിന്റെ സ്വരത്തിലും അവന്റെ അഹന്ത വളര്‍ന്നു നിന്നു.
"അതെ അതാണ് ധര്‍മം... അതാണ് ന്യായം."..പിന്താങ്ങുന്നത് ബലരാമന്‍.
എന്നിലെ രോഷം പതഞ്ഞു പൊന്തി.
" ധര്‍മം പോലും ധര്‍മം... സത്യവും... ഇത് രണ്ടിനെയും പറ്റി പ്രസംഗിക്കുവാന്‍ ദുര്യോധന നിനക്കെന്തധികാരം ? എനിക്ക് നിന്നോടു ചില കണക്കുകള്‍ തീര്‍ക്കുവനുണ്ട്. അതിനു ഇതിലും നല്ലൊരു വേദി ഇനി കിട്ടാനില്ല... നീ ചതിച്ചു കൊല്ലിച്ച, കൊന്ന, അഭിമന്യു...എന്റെ മകന്‍... രജസ്വലയായ ദ്രൌപദിയെ ദ്യൂത സഭയില്‍ വിളിച്ചു കൊണ്ട് വന്നു അപമാനിച്ചു വിട്ടത് നീ ഇത്ര വേഗം മറക്കരുതായിരുന്നു.".
മധ്യസ്ഥം പിടിക്കാന്‍ ഇടയില്‍ ചാടിയ ബലരാമന്‍ എന്റെ വിറയ്ക്കുന്ന ഗദ കണ്ടു ഭയന്ന് പിന്‍വാങ്ങി... കൃഷ്ണന്‍ ചിരിച്ചു കൊണ്ട് രാമനോട് എന്തോ പറയുന്നതും രാമന്റെ മുഖം ക്രോധത്താല്‍ തിളക്കുന്നതും കണ്ടു...
" ഞാന്‍ ചെയ്ത പുണ്യ പാപ കര്‍മങ്ങള്‍ എനിക്കറിയണ്ട... അതിന്റെ ഫലങ്ങളില്‍ എനിക്ക് താല്പരിയവുമില്ല.. ക്ഷത്രിയര്‍ക്കു യുദ്ധം തൊഴിലാണ്. ജയവും തോല്‍വിയും കര്‍മ ഫലവും... വീരമൃത്യു...സംതൃപ്തിയും സാക്ഷാല്‍ക്കാരവും ആണ്.
ഗദാ പ്രഹരങ്ങള്‍ ആരംഭിച്ചു. തുടക്കത്തില്‍ അവന്റെ പ്രഹരങ്ങളില്‍ നിന്നും ഒഴിഞ്ഞു കാണികളെ രസിപ്പിച്ചു.
പിന്നെ അവന്‍ വട്ടം ചുറ്റി വരുമ്പോള്‍ ഞാന്‍ കുനിഞ്ഞു മാറി. എന്നേക്കാള്‍ ശിക്ഷണം ബലരാമന്‍ കൂടുതല്‍ കൊടുത്തത് അവനാണെങ്കിലും പ്രതികാരം എന്നെ കൂടുതല്‍ ശക്തനാക്കി.
അല്‍പ നേരം കഴിഞ്ഞു ഞാന്‍ ഗദ കൊണ്ട് അവന്റെ നെഞ്ച് നോക്കി ഒന്ന് കൊടുത്തു അവനതു തടുത്തപ്പോള്‍ പെട്ടെന്ന് കറങ്ങി വന്ന ഞാന്‍ അവന്റെ വാരിയെല്ല് നോക്കി ഒന്നിട്ടു കൊടുത്തു. അത് അവന്റെ വാരിയെല്ല് തകര്‍ത്തപ്പോള്‍ അവന്‍ വീണ്ടും ഗദ രണ്ടു കൈയ്യിലുമായി പാഞ്ഞു വന്നു. ആ തക്കത്തിന് ഞാന്‍ അവന്റെ മസ്തകത്തില്‍ ഒന്ന് പ്രഹരിച്ചു. ചെവിക്കു താഴെയേറ്റ ആഘാതം അവനെ വീഴിച്ചു കളഞ്ഞു.
ഞാന്‍ കൃഷ്ണനെ നോക്കി... കൃഷ്ണന്‍ തുടയില്‍ താളമിട്ടു കൊണ്ടിരുന്നു. കാണുന്നവര്‍ക്ക് അദ്ദേഹം താളം പിടിക്കുകയാണ് എന്നെ തോന്നുമായിരുന്നുള്ളൂ. പക്ഷെ ഞാന്‍ അതില്‍ ഒരു സത്യം കണ്ടു.
അതെനിക്ക് ആവേശം പകര്‍ന്നു നല്‍കി. അത് മതിയായിരുന്നു എന്നിലെ തളര്‍ന്ന ആവേശത്തെ ഉജ്വലിപ്പിക്കുവാന്‍.
എന്റെ ഗദ ഉയര്‍ന്നു താണ് സുയോധനന്റെ തുടകളില്‍ ആഞ്ഞു പതിച്ചു.
ഈ തുടകളില്‍ അടിച്ചു കൊണ്ട് ജ്യേഷ്ടനോട് ദ്യൂത സഭയില്‍ വെച്ച് അവന്‍ എന്തോ പറഞ്ഞത് ഞാന്‍ ഓര്‍ത്തു..
അതൊരു പ്രചണ്ട പ്രവാഹമായി സിരകളില്‍ കൂട ഒഴുകിയപ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു.
തുടകള്‍ ചിന്ന ഭിന്നമായി തകര്‍ന്നു കിടക്കുന്ന ദുര്യോധനനെ കണ്ടു അധര്‍മം എന്നോ അനീതിയെന്നോ ബലരാമന്‍ പുലമ്പുന്നത് കേട്ടു.
അരുമ ശിഷ്യന്റെ പതനത്തില്‍ മനം നൊന്ത ഗുരു കലപ്പയുമേന്തി ചാടി വീഴവെ കൃഷ്ണന്‍ തടഞ്ഞു.
"പിതാമഹന്മാര്‍ ഇരിക്കുന്ന സ്വര്‍ഗം എനിക്കാവശ്യമില്ല. ആര്‍ക്കും വരാം, ഒറ്റക്കും കൂട്ടായും..."
ഇനി വെല്ലുവിളി സ്വീകരിക്കുവാന്‍ ആരുമില്ലെന്ന് അര്‍ജുനന്‍ പതുക്കെ പറഞ്ഞു. കുനിഞ്ഞ മുഖത്തോടെ ബലരാമന്‍ വേദി വിട്ടു. കൃഷ്ണന്‍ അനുഗമിക്കുമ്പോള്‍ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു...
ഹാ എത്ര ഉദാത്തമായ മുഖം... എത്ര ദീപ്തമായ മന്ദഹാസം?
യുധിഷ്ടിരനും സോദരരും അവിടം വിട്ടു.
അങ്ങകലെ നിന്നു കുറുനരികളുടെ ഓലിയിടലുകളുടെ ശബ്ദമാടുത്തു വരുന്നത് ഞാന്‍ അറിഞ്ഞു.
......
അര്‍ദ്ധ ജീവനുള്ള ദുര്യോധനന്‍.
അധിക നേരം അത് കണ്ടു നില്‍ക്കുവാന്‍ കഴിഞ്ഞില്ല.
ഞാന്‍ മെല്ലെ അടുത്ത് ചെന്ന് കുനിഞ്ഞു വിളിച്ചു...
"സുയോധനാ"
തലയുയര്താനാവാതെ പണിപ്പെട്ടു നോക്കുന്ന കണ്ണുകളില്‍ അവിശ്വസനീയത.
"ഭീമ നീ മാത്രമെന്തേ?" വാക്കുകള്‍ മുറിഞ്ഞു..
"ഞാന്‍ അന്ധനായി...... നിന്നെ".... എന്റെ വാക്കുകളും തടയപ്പെട്ടു.
"സാരമില്ല ഭീമാ.... യുദ്ധം.... ക്ഷത്രിയന്....ധര്മമാണ് ...ഞാന്‍ അധര്മത്തിന്റെ പാതയില്‍ ഏറെ ദൂരം പോയി ... ഇനി എനിക്കെന്തിനു രാജ്യവും... കിരീടവും...."
എന്തോ എനിക്കവിടം വിട്ടു പോരാന്‍ കഴിഞ്ഞില്ല.
സ്വര്‍ണ പിടിയുള്ള, രത്ന ഖചിതമായ, ഗദ ഞാന്‍ വലിച്ചെറിഞ്ഞു.
താമരയിലയില്‍ വെള്ളം കൊണ്ടു വന്നു. അവന്റെ തലയെടുത്ത് മടിയില്‍ വെച്ചു. കൌരവ പ്രമുഖന്റെ വായിലേക്ക് ഇറ്റിറ്റായി ജലം ഒഴിച്ച് കൊടുത്തപ്പോള്‍ കഴിഞ്ഞു പോയ ദുരിത കാലങ്ങളുടെ ഓര്‍മ്മകള്‍ അകന്നു പോയിരുന്നു.
പാപത്തെയും പുണ്യത്തെയും പറ്റി എന്തോ അസ്പഷ്ടമായി അവന്‍ പറഞ്ഞു.
" ഭീമാ പോകൂ. ആഹ്ലാദിക്കുന്നവരുടെ..... മനസ്സിന്....... കൂട്ടാളിയാവൂ"
ഇടറുന്ന പാദങ്ങളോടെ... മനസ്സോടെ ഞാന്‍ എഴുനേറ്റു.
ഞാന്‍ പുറകിലേക്ക് നോക്കുമ്പോള്‍ മന്ദഹാസം തൂകുന്ന ആ വദനത്തില്‍ നിന്നും കാലുഷ്യവും ക്രൂരതയുമെല്ലാം പടിയിറങ്ങിയിരിക്കുന്നു.
അവന്റെ അധരങ്ങളില്‍ നിന്നും നാരായണ എന്നൊരു പദം എന്റെ കര്‍ണപുടങ്ങളില്‍ എത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നിന്നു.
കുടിച്ച വെള്ളത്തിന്റെ നന്ദി സൂചകമായി രണ്ടു കണ്ണിലും ഒരു പ്രകാശം നിറയുന്നതും തല ഒരു വശത്തേക്ക് മറിയുന്നതും കണ്ടു.
ദൂരെ നിന്നു അടുത്ത് വരുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ അര്‍ജുനനെയും പടയാളികളെയും കണ്ടു . ഞാന്‍ അവരോടൊപ്പം ചേരാന്‍ തിടുക്കപ്പെട്ടു നടന്നു.
....................................................................................................................................................................
അര്‍ജുനന്‍ എന്നെ ദയനീയമായി നോക്കി...
നകുലന്‍ ദൃഷ്ടി ദൂരെ എവിടെക്കോ പായിച്ചു...
സഹദേവന്‍ ഇതെല്ലം ആസ്വദിക്കുകയാണെന്ന് തോന്നി.
ബലരാമന്റെ മുഖം വരിഞ്ഞു മുറുകി...
കൃഷ്ണന്‍ മാത്രം സ്വത സിദ്ധമായ ആ പുഞ്ചിരി വിടാതെ സൂക്ഷിച്ചു... അല്ലെങ്കിലും എന്നും ഞങ്ങള്‍ക്ക് ഊര്‍ജം ആ പുഞ്ചിരി ആയിരുന്നുവല്ലോ.
2 comments:
നന്നായിരിക്കുന്നു
കൊള്ളാം നന്നായിരിക്കുന്നു.
Post a Comment