Friday, July 26, 2013

കുഞ്ഞുങ്ങൾ ശത്രുക്കളോ

കുഞ്ഞുങ്ങൾ ശത്രുക്കളോ 

ഈ അടുത്ത കാലത്തായി പത്ര വാർത്തകളിൽ നിറഞ്ഞു നില്ക്കുന്നത് പിഞ്ചു   കുഞ്ഞുങ്ങളുടെ നേർക്ക്‌ നടക്കുന്ന ക്രൂര കൃത്യങ്ങളാണ്. അവ ഓരോ ദിവസം കഴിയുന്തോറും കൂടി വരുന്നതല്ലാതെ കുറഞ്ഞു കാണുന്നില്ല. 

പിതാവ് എന്ന നിലയിൽ എന്റെ കണ്ണ് നിറഞ്ഞ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈയിടെ നടന്ന ഒരു ബാലികയുടെ മരണത്തിലും ഷെഫീക്കിന്റെ ദാരുണമായ അവസ്ഥയിലും മലപ്പുറത്ത്‌ നാടിനെ നടുക്കിയ രണ്ടു കുഞ്ഞുങ്ങളുടെ കൊലപാതകത്തിലും തെളിഞ്ഞു കാണുന്നത് കുഞ്ഞുങ്ങളോട് രക്ഷാ കർത്താക്കൾ പ്രത്യേകിച്ച് പിതാക്കന്മാർ  ചെയ്യുന്ന ക്രൂരതകൾ ഇവിടെ വിവരിക്കാനാവില്ല. സ്വന്തം ചോരയിൽ നിന്ന് ഉയിർ കൊണ്ട്  വരുന്ന കുഞ്ഞുങ്ങൾ എങ്ങനെ ആണ് ശത്രുക്കളാവുക?

അദിതി എസ് നമ്പൂതിരി കോഴിക്കോട്ടു മരിച്ച സംഭവം സ്വന്തം പിതാവ് രണ്ടാനമ്മയോട്‌ ചേർന്ന് കേട്ടുകേൾവി പോലുമില്ലാത്ത പീഡനങ്ങൾ എല്പ്പിച്ചത് വഴിയാണ്. ദേവിക അന്തർജ്ജനം എന്ന് പേര് മാറ്റിയാൽ മനസ്സിലെ പൈശാചികത്വം മാറില്ല എന്ന് ഈ സംഭവം തെളിയിച്ചു. രണ്ടാനമ്മമാർക്ക് സ്വന്തം കുഞ്ഞുങ്ങളോട് വാത്സല്യം ഉണ്ടാവുക സ്വാഭാവികം. എന്ന് വച്ച് ഭർത്താവിന്റെ ആദ്യ ഭാര്യയിലെ കുട്ടികൾ എന്ത് പിഴച്ചു?

കണ്ണൂരും പറവൂരും സ്വന്തം പുത്രിയെ രക്ഷിക്കേണ്ട പിതാവ് തന്നെ അവളുടെ മാനം കവരുകയും അന്യർക്ക് കാഴ്ച വെക്കുകയും ചെയ്ത സംഭവം മനസ്സാക്ഷിയുള്ള ഏതൊരാളെയും ഞെട്ടിക്കുന്നതാണ്. എങ്ങനെ ഇന്നത്തെ കുട്ടികൾ സ്വന്തം അച്ഛനെയും അമ്മയെയും വിശ്വസിക്കും? ഈ കുഞ്ഞുങ്ങളുടെ സ്വകാര്യ ദുഃഖങ്ങൾ ആരോട് പറയും? 

പത്തു മാസം വയറ്റിൽ ചുമന്നു നൊന്തു പ്രസവിക്കുന്നതോടെ അമ്മയുടെ കടമ തീർന്നു. ഇനി അച്ഛന്റെ ഊഴം. അച്ഛന്റെ നെഞ്ചിലെ ചൂടേറ്റു വേണം കുഞ്ഞുങ്ങൾ വളരാൻ. ഒരു പിതാവിന്റെ കടമകൾ മുഴുവൻ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ അയാളെ പിന്നെ എങ്ങനെ അച്ഛാ എന്ന്
കുഞ്ഞു ങ്ങൾ വിളിക്കും?

ഇന്നത്തെ ഈ സാംസ്കാരിക അധപതനത്തിന് കാരണം തേടി ദൂരെ എവിടെയും പോകേണ്ടതില്ല. സ്വന്തം വീട്ടു മുറ്റത്ത് വരെ സുലഭമായി ലഭിക്കുന്ന മയക്കുമരുന്നുകളും മദ്യവും മനുഷ്യനെ കാൻസറിനെക്കാളും  വേഗത്തിൽ കാർന്നു തിന്നുന്നു. ഇവയുടെ ലഭ്യത തടയാൻ നിയമം കൊണ്ട് മാത്രം സാധിക്കില്ലെന്ന് ഭരണാധികാരികൾ തിരിച്ചറിയുന്നില്ല. മദ്യം ഇന്നത്തെ സർക്കാരുകളുടെ പ്രധാന വരുമാന മാർഗമായതിനാൽ സർക്കാരുകൾ മാറി മാറി വന്നാലും അവരുടെ മനസ്ഥിതിയിൽ മാറ്റം ഒന്നും വരുമെന്ന് കരുതേണ്ട. മദ്യം മനുഷ്യന്റെ തലച്ചോറിലെ നാഡി ഞരമ്പുകളെ തളർത്തുക തന്നെ ചെയ്യും എന്ന് വിശദീകരിച്ചു പറയേണ്ടതില്ല.

മറ്റൊരു കാരണം മാംസ ഭക്ഷണത്തോടുള്ള അനിയന്ത്രിതമായ ആഗ്രഹം. മനുഷ്യർക്ക്‌ പറഞ്ഞിട്ടുള്ളതല്ല മാംസ മത്സ്യ ആഹാരങ്ങൾ. അവ കഴിക്കുന്തോറും വീണ്ടും വീണ്ടും കഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നു. ഏത് അവസ്ഥയിൽ ഒരു മൃഗം മരിച്ചാലും അതിന്റെ മരണ സമയത്തെ വിഹ്വലത... ഭയം... പേടി ഇവ അത് കഴിക്കുന്ന മൃഗങ്ങളിൽ - മനുഷ്യരായാൽ പോലും - പകരുന്നു. ഈ ശീലം പതിവാക്കിയാൽ  മനുഷ്യ മസ്തിഷ്കത്തിൽ അവ വിപരീതമായ പ്രതികരണങ്ങൾ ഉണ്ടാക്കുന്നു. മൃഗങ്ങൾക്ക് കുടുംബ ബന്ധങ്ങൾ ഇല്ലാത്തതിനാൽ ആ രീതി മനുഷ്യരും പിന്തുടരുന്നു. ഇത് എന്റെ കണ്ടുപിടുത്തമാണ് എന്ന് വിചാരിക്കരുത്.

മറ്റൊരു പ്രധാന കാരണം ദൃശ്യ മാധ്യമമായ ടെലിവിഷന്റെ സ്വാധീനമാണ്. സന്ധ്യ ആയാൽ പണ്ടുള്ള മുത്തശ്ശിമാർക്ക് ഉള്ള ശീലമായിരുന്നു സന്ധ്യ സമയത്തെ നാമം ചൊല്ലൽ. പക്ഷെ ഇന്നോ? ആറു  മണിയായാൽ ടിവിക്ക് മുമ്പിൽ ചടഞ്ഞിരുന്നു അവിഹിത പരമ്പരകൾ കാണുകയാണ് ഹോബി. ഇത് എത്രത്തോളം ഇന്നത്തെ തലമുറയെ  വഴിതെറ്റിക്കുമെന്നു അവർ അറിയുന്നില്ല. പ്രായമായവർക്ക് അവരുടെ സമയം കൊല്ലലാണ് പ്രധാനം. ഈ അവിഹിത കഥകളും അക്രമ സ്വഭാവമുള്ള കഥാപാത്രങ്ങളും യഥാർത്ഥമാണെന്ന് ഒരു കുഞ്ഞു ധരിച്ചാൽ അവരെ കുറ്റം പറയാനാവുമോ?

ഏറ്റവും പ്രധാനമായ ഒരു കാര്യം ഇന്ന് കൂട്ടുകുടുംബത്തിൽ നിന്നും മാറി അണുകുടുംബതിലേക്കു വന്നപ്പോൾ അച്ഛനമ്മമാരുടെ വഴക്കും സ്വരചേർച്ച ഇല്ലായ്മയും ഒരു വലിയ അളവ് വരെ കുട്ടികളുടെ വളർച്ചയെ മുരടിപ്പിക്കുന്നതായി കാണാം. രണ്ടു പേർ ജോലിക്ക് പോയാലെ കുടുംബം രക്ഷപെടൂ എന്നതിനാൽ എന്ത് കഷ്ടപ്പാടിനും തയ്യാറായി അച്ഛനും അമ്മയും പോകുമ്പോഴും വൈകി ഏറെ തളര്ന്നു അവർ തിരിച്ച് എത്തുമ്പോഴും നാം അറിയുന്നില്ല. അവർക്ക് വേണ്ടത് നമ്മുടെ സ്നേഹം ആണ് വേണ്ടതെന്ന്. പണം പ്രധാനമാണ് പക്ഷെ ഒപ്പം നമ്മുടെ അവശതകൾ അവരെ നിരുൽസാഹപ്പെടുത്തരുത്. ക്ലാസ്സിലെ അവരുടെ വിശേഷങ്ങൾ - നമുക്ക് അതെത്ര ചെറുതായാലും - അത് കേൾക്കാനും അവരെ നമ്മൾ ശ്രദ്ധിക്കുന്നു എന്ന ഒരു അവബോധം അവരിൽ സൃഷ്ടിക്കുവാനും നമുക്ക് കഴിയണം.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ പിതാവെന്നു പറയുന്ന ആളുടെയും രണ്ടാനമ്മയുടെയും ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി മരണത്തിനും ജീവിതത്തിനു മിടയിലെ നൂൽപ്പാലത്തിൽ സഞ്ചരിക്കുന്ന ആ കുഞ്ഞിന്റെ അവസ്ഥ ഇനി ഒരിക്കലും ഈ സാംസ്കാരിക കേരളത്തിൽ സംഭവിക്കരുതെ  എന്ന പ്രാർത്ഥനയോടെ......
















No comments: