ബാബായണം ഭാഗം 1
ചില ഓര്‍മ കുറിപ്പുകള്‍
ഒന്ന് നിഷേധം
വര്ഷം 1996. കല്യാണ ശേഷം ഞാനും ഭാര്യയും കൂടി മൂകാംബിക, മുംബൈ തുടങ്ങി ഒരു ചെറു ഹണി മൂണ്‍ (അങ്ങനെ വിളിക്കാമോ എന്തോ ) കഴിഞ്ഞു മടക്കം അന്നത്തെ നേത്രാവതി ട്രെയിനില്‍.
സ്ഥലം വൈറ്റ് ഫീല്‍ഡ് സ്റ്റേഷന്‍.
ഞങ്ങളുടെ ട്രെയിന്‍ ലേറ്റ് ആയതിനാല്‍ ഐലന്ഡ് എക്സ്പ്രസ്സ് കടന്നു പോകാന്‍ നേത്രാവതി എക്സ്പ്രസ്സ് പിടിചിട്ടിരിക്കുന്നത് ഈ സ്റ്റേഷനില്‍. അല്പം വായനാ ശീലമുണ്ടയിരുന്നത് കൊണ്ടും സ്റ്റേഷന്‍ പേരിലെ കൌതുകം കൊണ്ടും രാത്രി ഒമ്പതെ ആയിട്ടുള്ളത് കൊണ്ടും ഞങ്ങള്‍ ഉറങ്ങിയിട്ടില്ല. വൈറ്റ് ഫീല്‍ഡ് സ്റ്റേഷനില്‍ നിന്നും ഒരു അമ്മയും, മകനും (ഏകദേശം 70 വയസ്സും മകന് ഒരു മുപ്പതു വയസും കാണും ) കയറി വന്നു.
വണ്ടി ഓടി തുടങ്ങിയപ്പോള്‍ ചിലര്‍ ഉറക്കം ആരംഭിച്ചു. ചിലര്‍ രാത്രി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ചിലര്‍ പുറത്തെ ഇരുട്ടില്‍ തെന്നി മറയുന്ന മിന്ന മിന്നി വെളിച്ചങ്ങളെ നോക്കിയിരുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാന്‍ കുറച്ചു നേരം ആ അമ്മയെയും മകനെയും നോക്കിയിരുന്നു. ഒടുവില്‍ ഞാന്‍ തന്നെ മൌനം ഭഞ്ജിച്ചു.
ഞാന്‍ : അമ്മ എവിടെ പോയി വരുന്നു?
അമ്മ: ഞാന്‍ വൈറ്റ് ഫീല്‍ഡില്‍ ബാബയെ കണ്ടു മടങ്ങുന്നു.
അന്നൊന്നും എനിക്ക് ഒരു ഭക്തിയുമില്ല ഒന്നിനോടും ഒരു വിഭക്തിയുമില്ല. ബാബാ കാണിക്കുന്ന മാജിക്കുകളെ പറ്റി അടുത്തിടെ ഒരു മാസികയില്‍ ഇടമറുകാണോ കോവൂരാണോ എന്നറിയില്ല ഒരു ലേഖനം എഴിതിയതു വായിച്ചതു മറന്നിട്ടില്ലാത്തതിനാല്‍ ഞാന്‍ ഒന്ന് വാദിക്കാന്‍ തന്നെ തീരുമാനിച്ചു.
ഞാന്‍ : ഈ ആള്‍ ദൈവങ്ങളെ എന്തിനു കാണാന്‍ പോകുന്നു. വേറെ എത്രയോ അമ്പലങ്ങളും പള്ളികളും മനുഷ്യന്റെ വിശ്വാസം എന്ന അജ്ഞതയെ ചൂഷണം ചെയ്യാന്‍ ഉണ്ട്?
അമ്മ (ഒരു നിമിഷം മിണ്ടാതിരുന്നു. എന്നിട്ട് പറഞ്ഞു) : മോനെ അദ്ദേഹം ദിവ്യനാണ് . അദ്ദേഹം പലേ അത്ഭുതങ്ങളും കാണിക്കുന്നുണ്ട്.
ഞാന്‍ ; അതൊക്കെ കയ്യടക്കം കൊണ്ടല്ലേ. (വിഭൂതിയുണ്ടാക്കുന്നതും മറ്റും ഉദ്ദേശിച്ചായിരുന്നു ഞാന്‍ അങ്ങനെ പറഞ്ഞത്)
ആ അമ്മ എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ അതി നിശിതമായി അവരെ എതിര്‍ക്കുകയും എന്റെ വാദങ്ങള്‍ ശരിയാണെന്ന് സമര്ത്തിക്കുവാന്‍ യത്നിക്കുകയും ചെയ്തു.
ഒടുവില്‍ അവര്‍ ജസ്റ്റിസ് ബാലകൃഷ്ണ എരാടിയെ പോലുള്ളവര്‍ പോലും ബാബാ ഭക്തന്മാരാണെന്ന് പറഞ്ഞപ്പോള്‍ എന്റെ നിയന്ത്രണം വിട്ടു.
എന്റെ പത്നി തടഞ്ഞിട്ടും ഞാന്‍ ബാബയെ ആള്‍ ദൈവമെന്നും കപട മാന്ത്രികനെന്നും കള്ളനെന്നും മറ്റും വിശേഷിച്ചപ്പോള്‍ അവര്‍ ചെവിയും പൊത്തി ഇരിപ്പായി.
അപ്പോള്‍ സമയം ഏകദേശം പതിനൊന്നു ആകുന്നു. അവരുടെയും മകന്റെയും കണ്ണുകള്‍ നിറഞ്ഞതും മറ്റും കണ്ടപ്പോള്‍ അത്രയും വേണ്ടിയിരുന്നില്ല എന്ന് തോന്നി.
ചില സഹ യാത്രികര്‍ എന്നോടൊപ്പവും അവരോടൊപ്പവും കൂടി രംഗം കൊഴുപ്പിച്ചു.
ഒന്നും സംഭവിക്കാത്തത് പോലെ ഞാനും ഭാര്യയും ഉറങ്ങി നേരം വെളുത്തപ്പോള്‍ വണ്ടി തൃശ്ശൂരില്‍ എത്തി. ആ അമ്മയെയും മകനെയും കാണാനില്ല. അവര്‍ പാലക്കാട്ട് ഇറങ്ങിയിരിക്കണം.
രണ്ട് വിശ്വാസം
1996 മാര്‍ച്ച് മാസത്തില്‍ ആണ് മേല്‍ പറഞ്ഞ സംഭവം നടന്നത്. അക്കൊല്ലം ജൂണ്‍ മാസത്തില്‍ ഞാന്‍ വിസിറ്റ് വിസയില്‍ ദുബൈയില്‍ എത്തി. ചിലയിടങ്ങളില്‍ ഇന്റര്‍വ്യൂ എന്ന പ്രഹസനമൊക്കെ നടന്നു. നീല്‍കമല്‍ എന്ന കമ്പനിയില്‍ ഏകദേശം 5 ഇന്റര്‍വ്യൂ കഴിഞ്ഞു എങ്കിലും അവരുടെ അവസാന ഇന്റര്‍വ്യൂ എനിക്ക് അറ്റന്‍ഡ് ചെയ്യാന്‍ പറ്റിയില്ല. അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിലെക്കായി അമ്നെസ്ടി പ്രഖ്യാപിച്ചത് കാരണം എന്റെ വിസ പുതുക്കാന്‍ സാധിക്കില്ല എന്ന് എന്റെ സ്പോന്‍സര്‍ അറിയിച്ചു. അങ്ങിനെ ദുബായി നോട് വിട പറയാനുള്ള ദിവസം ആണ്. നീല്‍ കമല്‍ കമ്പനിയിലെ ആറാമത്തെ അഭിമുഖത്തിനുള്ള ക്ഷണം. ജോലി ഒന്നും ആകാതെയുള്ള മടക്കം എന്നെ തെല്ലൊന്നും അല്ല വിഷമിപ്പിച്ചത്. പക്ഷെ അന്നും എന്റെ സന്തത സഹചാരിയായിരുന്നത് അയ്യപ്പ സ്വാമിയോടുള്ള ഭക്തി ഒന്ന് മാത്രം.
ആ വര്‍ഷം ഡിസംബറിലാണ് അടുത്ത വിദേശ സഞ്ചാരം. മുമ്പ് ജോലി ചെയ്തിരുന്ന ബഹറിനിലേക്ക് തന്നെ വിസ ലഭിച്ചു. കുറച്ചുകാലം ബെസ്റ്റ് വെസ്റ്റേണ്‍ ബൈസന്‍ ടവറില്‍ ഇന്റെര്‍ണല്‍ ഓഡിറ്റര്‍ ആയി ജോലി നോക്കി. അവര്‍ എന്നെ ബഹറിന്റെ ഭാഗമായ ഹവാര്‍ ദ്വീപിലേക്ക് സ്ടോര്സ് മാനേജര്‍ ആയി അയച്ചു. പക്ഷെ 1997 ഡിസംബറില്‍ ബഹ്‌റൈന്‍ എയര്‍ പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ പര്‍ച്ചേസ് അസിസ്റ്റന്റ് ആയി നിയമനം കിട്ടിയപ്പോള്‍ ഒന്ന് സന്തോഷിച്ചു. അത് വരാന്‍ പോകുന്ന കുഴപ്പങ്ങളുടെ തുടക്കം ആകും എന്ന് കരുതിയില്ല. അല്ലെങ്കിലും അതു അങ്ങിനെ ആണെല്ലോ എപ്പോഴും "അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേത്" എന്നാണല്ലോ.
1998 മാര്‍ച്ച് മാസത്തില്‍ ഞങ്ങളുടെ കമ്പനിയിലെ നാനൂറില്‍ പരം പേരില്‍ നിന്നും എന്നെ എമ്പ്ലോയീ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കുകയും അവിടുത്തെ പത്രങ്ങളില്‍ ഫോട്ടോ സഹിതം വാര്‍ത്ത വരികയും ചെയ്തപ്പോള്‍ ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയിലെ ചിലര്‍ എന്റെ അപ്പോഴത്തെ ബോസ്സിനെ വിളിച്ചു ഞാന്‍ കള്ള പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് വന്നത് എന്ന് പറഞ്ഞു.
പക്ഷെ ഈ സംഭവം എന്നെ ഒരു തരത്തില്‍ മാറ്റി മറിച്ചു. ഞാന്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു സമീപം താമസിച്ചിരുന്ന മണിച്ചേട്ടന്‍ ( ചൊവ്വര, കല്ലെങ്കര പിഷാരത്ത് മണികണ്ടന്‍) മുമ്പ് പല തവണ സായി സമിതിയിലെ ഭജനക്ക് വിളിച്ചെങ്കിലും ഞാന്‍ ഓരോ ഒഴികഴിവ് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. അന്ന് വിളിച്ചപ്പോള്‍ ഒഴിയാന്‍ തോന്നിയില്ല. ആരുടെയോ പ്രേരണയാലെന്ന പോലെ ഏതോ ഒരു സ്ഥലത്ത് ഭജനക്ക് പോയി.
വിശ്വാസം കൊണ്ടായിരുന്നില്ല പോയതെങ്കിലും ഭജനയുടെ അവസാനം ആരതിയെടുക്കുമ്പോള്‍ എന്റെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു മാത്രമല്ല കിരീടം പോലത്തെ മുടിയുള്ള ആ പൂര്‍ണ കായ ഫോട്ടോ എന്റെ മനസ്സിനെ വല്ലാതെ ആശ്വസിപ്പിക്കുന്ന പോലെ തോന്നി. എന്നോട് മനസ്സ് വിഷമിപ്പിക്കരുതെന്നും എല്ലാം ഞാന്‍ നോക്കി കൊള്ളാമെന്നും അന്ന് രാത്രിയില്‍ സ്വപ്നത്തില്‍ വന്നു പറയുകയും കൂടി ചെയ്തു.
പിറ്റേന്ന് ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ബോസ്സ് എന്നെ വിളിപ്പിക്കുകയും തടര്‍ന്നു പാസ് പോര്‍ട്ട് പരിശോധിക്കുകയും ചെയ്തപ്പോള്‍ അവരുടെ വാദം കള്ളമാണെന്നും പാസ്പോര്‍ട്ട് ഒറിജിനല്‍ ആണെന്നും കണ്ടെത്തി എന്നെ വിട്ടു. ഇതായിരിക്കാം ആദ്യ പരിവര്‍ത്തനം.
എന്നിലെ വിശ്വാസം ഊട്ടി ഉറപ്പിക്കാനാകും ഓഫീസിലെ സെക്രടറി ശ്രീലങ്കന്‍ വംശജ കാമിനി ഭഗവാന്റെ അഭയ ഹസ്തതോട് കൂടിയുള്ള ഒരു ഫോട്ടോ എനിക്ക് തന്നു. അത് വരെ എനിക്ക് അവര്‍ ഒരു ബാബാ ഭക്തയാണെന്ന് അറിയില്ലായിരുന്നു. (അങ്ങിനെ എത്ര പേര്‍ അജ്ഞാതരായിരിക്കുന്നു). ഐ ടി വിഭാഗത്തിലെ ശ്രീലങ്കയില്‍ ജനിച്ചു കാനഡ പാസ്പോര്‍ട്ട് ഉള്ള വതനി എന്റെ ഇ-മെയിലിലേക്ക് ഭഗവാന്‍ എന്ന് അവര്‍ വിളിക്കുന്ന - എന്നില്‍ എന്തോ പറഞ്ഞു ഫലിപ്പിക്കാനാകാത്ത - വികാരം ജനിപ്പിക്കുന്ന - ബാബയുടെ ഒരു ഫോട്ടോ അയച്ചു തന്നു. ഇതൊന്നും തന്നെ ഞാന്‍ ബാബയുടെ ആശ്രിതന്‍ ആണെന്ന ചിന്തയോ അറിവോ ഇല്ലാതെ - ആരോ നിര്‍ദേശിച്ച പോലെ ആണ് എനിക്ക് ഫോട്ടോ ആയും ഇ-മെയില്‍ ആയും- ബാബയുടെ സാമീപ്യം തന്നത്.
ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി. എന്നോടൊപ്പം ആരോ നിഴല്‍ പോലെയുണ്ട്. ഒരു ധൈര്യത്തിന് അഭയ മുദ്രയുള്ള ഫോട്ടോ ഞാന്‍ പോക്കറ്റില്‍ ഇട്ടാണ് നടപ്പ്.
മൂന്ന് പരിവര്‍ത്തനം
ഞാന്‍ പോലുമറിയാതെ എന്നെ ഇനി ഞാന്‍ സ്വാമിയെന്നു വിളിക്കുന്ന ബാബാ എന്നെ മാറ്റി എടുത്തതാണ് അത്ഭുതകരം.
എന്നോടൊപ്പം വൈഫ് കൂടി ബഹറിനിലേക്ക് വന്നപ്പോള്‍ ജീവിതത്തില്‍ ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം ആയിരുന്നു ബാക്കി. ആ വര്ഷം (99 ) ഉമ ഗര്‍ഭിണി ആയി എന്കിലും ഞങ്ങളുടെ ഭക്തിയുടെ തീവ്രത അളക്കാനായിരിക്കണം ആദ്യതെത് അലസി. ലോക കപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ സുഹൃത്തിന്റെ വീട്ടില്‍ പോയി വരും വഴി കാര്‍ ഒരു കുഴിയില്‍ ചാടി. സ്വാമിയുടെ - എല്ലാരും വിളിക്കുന്ന omni present എന്ന ഭാവം പ്രകടമായത് ഇവിടെ. ഇത് പറയാതെ മുന്നോട്ടുള്ള പ്രയാണം അസാധ്യം. ഉമയെ ബഹ്രൈനിലെ സല്‍മാനിയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത് പുലര്‍ച്ചെ ആണ്. ഒരു ഖുലൂദ് ആണ് ലേഡി ഡോക്ടര്‍. എന്നോട് D & C നടത്താന്‍ കുറച്ചു രൂപ കെട്ടി വെക്കണം എന്ന് അവര്‍ പറഞ്ഞു. എന്റെ സഹോദരിയും മറ്റും നാട്ടിലാണെന്നു തോന്നുന്നു. പെട്ടെന്ന് പൈസ എടുക്കാന്‍ പറ്റുന്നവര്‍ ഓര്‍മയില്‍ വന്നില്ല. ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ ഓഫീസില്‍ എത്തി. അര മണിക്കൂര്‍ കഴിഞ്ഞു കാണും G M മുന്നില്‍. how is your wife ? എന്ന് ഒരു ചോദ്യം. എന്റെ തൊട്ടു മുകളിലുള്ള ബോസ്സിനറിയാം എന്നല്ലാതെ ജനറല്‍ മാനേജര്‍ എങ്ങിനെ അറിഞ്ഞു എന്ന് വണ്ടര്‍ അടിച്ചിരുന്ന എന്നോട് accounts യില്‍ നിന്നും ആവശ്യമുള്ള തുക വാങ്ങിക്കോളാന്‍ പറഞ്ഞിട്ട് ആള്‍ പോയി. കുറച്ചു ദിവസം മുന്‍പ് കുറച്ചു തുക ലോണ്‍ ചോദിച്ചിട്ട് കിട്ടാത്തതിലുള്ള നിരാശയില്‍ ആയിരുന്നു ഞാന്‍. ഭഗവാനെ ഞാന്‍ എന്റെ ബോസ്സിന്റെ രൂപത്തില്‍ കണ്ടു. "why you fear when I am here " എന്ന് സ്വാമിയുടെ മൊഴി ഞാന്‍ മറന്നത് കഷ്ടം.
D & C യുടെ തലേ ദിവസം രാത്രി ഉമ വായിച്ചു മാറത്തടുക്കി പിടിച്ചുറങ്ങിയ പുസ്തകം ഷിര്‍ദി സായി ഭഗവാന്റെ ഷിര്‍ദി സായി സത്ചരിതം എന്ന പുസ്തകം ആണ്. അതില്‍ ഷിര്‍ദി ബാബയുടെ അത്ഭുത ലീലകള്‍ വായിച്ചാണ് ഉമ ഉറങ്ങിയത്. അത് ഉമയെ സംബന്ധിച്ചിടത്തോളം അവളെ ധൈര്യവതിയാക്കി എന്ന് എന്നോട് പറഞ്ഞു.
ഇതാ അടുത്ത അത്ഭുതം ഞാന്‍ പൈസയുമായി ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ലേഡി ഡോക്ടറും വിവരമില്ലാത്ത അറബി ക്ലെര്‍ക്കുമായി പൊരിഞ്ഞ വാഗ്വാദം. ഞാന്‍ ശരിക്കും പൈസ പേ ചെയ്യെണ്ടതാനെങ്കിലും (ആ ക്ലെര്കിന്റെ രൂപത്തില്‍ (ഇനി ഞാന്‍ ഭഗവാന്‍ എന്ന് തന്നെ വിളിക്കട്ടെ) ഭഗവാന്‍ അവതരിച്ചു). അയാള്‍ ആക്സിടന്റ്റ് & എമര്‍ജന്‍സി കോളത്തില്‍ ടിക്ക് ചെയ്തത് കാരണം എന്നോട് ഡോക്ടര്‍ പൈസ അടക്കേണ്ട എന്ന് പറഞ്ഞു. ഞാന്‍ സംഭവം അറിയാതെ മിഴിച്ചു നില്‍ക്കുകയാണ്. ഓരോരോ മറിമായങ്ങള്‍.. എന്തൊക്കയാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഒരു രൂപവുമില്ല. ഞാന്‍ ഒന്ന് തീരുമാനിച്ചു. എന്നെക്കാളും മുന്‍പേ എന്റെ കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്ന ഒരാള്‍ എന്റെ കൂടെ ഉണ്ട്. അദ്ദേഹം പറത്തുന്ന പട്ടത്തിന്റെ വേഷമേ എനിക്കുള്ളൂ.
ആ തിരിച്ചറിവ് അപാരമാണ്. "നിരാശയുടെ പടുകുഴിയില്‍ നിന്നും ആത്മ വിശ്വാസത്തിന്റെ നെറുക യിലേക്കാണ് ഭഗവാന്‍ എന്നെ പിടിച്ചുയര്തിയത്" അത് ഒട്ടും അതിശയോക്തി പരമല്ല. എന്റെ അപ്പോഴത്തെ മാനസികാവസ്ഥ അറിഞ്ഞ ഏക വ്യക്തി സ്വാമിയാണെന്ന് നിശ്ചയം.
രക്ഷകന്‍
ഒരു ദിവസം ഞാന്‍ വിന്‍ഡോ എ സി യുടെ കവര്‍ ഇളക്കി മാറ്റി ഫില്‍റ്റര്‍ കഴുകി വീണ്ടും ഉറപ്പിക്കുന്നതിനിടെ കസേരയുടെ കാല്‍ തെന്നി ഞാന്‍ താഴെ വീണു. ഒരല്പം മാറിയിരുന്നെങ്കില്‍ ഞാന്‍ ഒന്നുകില്‍ ട്രെസ്സിംഗ് ടേബിളിന്റെ ഗ്ലാസ് തകര്‍ത്തേനെ അല്ലെങ്കില്‍ നിലതെക്കാവാം. ഇത് രണ്ട്മുണ്ടായില്ല. ഉമയുടെ സ്വാമി എന്ന വിളി ഭഗവാനെ ഞൊടിയിടയില്‍ അവിടെ എത്തിച്ചിരിക്കണം. കാരണം ആരോ എന്നെ താങ്ങി എടുത്ത് കിടക്കയില്‍ കിടത്തിയ പോലെ .... ഒരു കൊച്ചു കുഞ്ഞു എപ്രകാരം കൈ കാല്‍ ഇളക്കി മലര്‍ന്നു കിടക്കുമോ അത് പോലെ... എനിക്ക് കുറച്ചു നേരത്തേക്ക് കാണുന്നത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് മനസ്സിലായില്ല.
2000 ഏപ്രിലില്‍ ഉമ പ്രസവത്തിനായി നാട്ടിലേക്കു മടങ്ങുവോളം ഞങ്ങള്‍ക്ക് മിക്കപ്പോഴും സ്വാമി സ്വപ്നത്തില്‍ ദര്‍ശനം തന്നു കൊണ്ടിരുന്നു. ജൂണില്‍ ഞങ്ങള്‍ക്കൊരു മകള്‍ പിറന്നു. ദേവിക 2001 സെപ്ടംബരില്‍ ഒരു മോനും കൃഷ്ണാനന്ദ് പിറന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹം. 2002 ല്‍ എനിക്കൊരു സര്‍ജറി ആവശ്യമായി വന്നു. thyroid ഗ്ലാന്ടില്‍ ഒരു മുഴ . ബഹറിനില്‍ ചികിത്സിക്കാന്‍ ധൈര്യം മാത്രം പോരാ ഏകദേശം രണ്ട് ലക്ഷം രൂപയോളം ആവും . ശമ്പളമില്ലാത്ത ലീവ് തരാന്‍ കമ്പനി വിസ്മ്മതിച്ചതോടെ ജോലി രാജി വെക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നായി. അങ്ങിനെ ഏപ്രില്‍ രണ്ടിന്ഞാന്‍ തിരികെയെത്തി. തൃശ്ശൂരില്‍ ഏകദേശം പതിനായിരത്തില്‍ താഴെ രൂപയ്ക്കു സര്‍ജറി നടന്നു. സുഖമായി.
2002 ഡിസംബര്‍ മുതല്‍ ഞാന്‍ യുനിവേര്സല്‍ എമ്പയര്‍ ഗ്രൂപ്പില്‍ തൃശ്ശൂരില്‍ ജോലി ചെയ്യുന്നു. എന്നും ഭഗവല്‍ സ്മരണ ഉണ്ടാവാന്‍ മുടങ്ങാതെ സായി ബുക്സ് പാരായണം ചെയ്യുകയും അദ്ധേഹത്തിന്റെ ആശയങ്ങള്‍ ജീവിതത്തില്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഭഗവാന്‍ മഹാസമാധിയായ വാര്‍ത്തയെ ഞങ്ങള്‍ എല്ലാവരും അതീവ ദുഖത്തോടെ ആണ് കേട്ടത് എങ്കിലും ഭഗവാന്റെ ആഗ്രഹം എന്തെന്ന് നമ്മള്‍ക്ക് അറിയില്ലല്ലോ.
No comments:
Post a Comment